റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ ഇന്ന് മുംബൈ പൊലീസ് ചോദ്യം ചെയ്യും.പൊലീസിന് മുന്നില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണിത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ബുധനാഴ്ച പകല്‍ 11 മണിക്ക് പൈഥൊനീ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ചാനലിന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ എസ്. സുന്ദരത്തോടും സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അര്‍ണബിനെ മുംബൈ പൊലീസ് കഴിഞ്ഞ ഏപ്രിലില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

അതേസമയം മെയ് 19ന് അര്‍ണബ് ഗോസ്വാമിയുടെ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ടും ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിച്ചതിനുമെതിരായി വിവിധ സംസ്ഥാനങ്ങളില്‍ അര്‍ണബിനെതിരെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് റദ്ദാക്കണെമെന്നാവശ്യപ്പെട്ടായിരുന്നു അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.