രാമനാട്ടുകര സ്വര്‍ണ്ണ കവര്‍ച്ചക്കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റേത് കൊലപാതകമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. പ്രതികള്‍ പുറത്തെത്തിയാല്‍ കൊല്ലപ്പെട്ടേക്കാമെന്നും, കേസ് അതീവ ഗൗരവമുള്ളതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ചെര്‍പ്പുളശ്ശേരി, കൊടുവള്ളി സംഘങ്ങളെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് അപേക്ഷയെ എതിര്‍ത്തുകൊണ്ടുള വാദത്തിനിടയിലാണ് പ്രതിഭാഗം അഭിഭാഷകന്‍ കൊലപാതക വിവരം മഞ്ചേരി സെഷന്‍സ് കോടതിയി മുമ്ബാകെ അറിയിച്ചത്.

മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണം സംബന്ധിച്ച്‌ പ്രതിഭാഗം അഭിഭാഷകന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തിന്റെ മരണം കൊലപാതകമാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് അഭിഭാഷകന്റെ വാദം. ഇടത് രാഷ്‌ട്രീയ ബന്ധം ആരോപിക്കപ്പെടുന്ന കേസില്‍ ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ പേര് പുറത്തുവരാതിരിക്കാന്‍ റമീസിനെ കൊലപ്പെടുത്തിയതാകാമെന്ന ആരോപണങ്ങളെ ശരിവയ്‌ക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ 25 പ്രതികളെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 26 ന് കസ്റ്റംസ് മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കോടതി 27 ന് കേസ് പരിഗണിച്ചപ്പോഴാണ് ഇരുപത്തി നാലാം പ്രതിയും, കൊടുവള്ളി സംഘത്തിന് വേണ്ടി അര്‍ജുന്‍ ആയങ്കിയെ വകവരുത്താന്‍ ടിപ്പര്‍ ലോറിയുമായി എത്തിയ ബാപ്പുവെന്ന അബ്ദുള്‍ നാസറിന്റെ അഭിഭാഷകന്‍ ഗുരുതരമായ കാര്യങ്ങള്‍ ഉന്നയിച്ചത്. 32 പ്രതികളുള്ള കേസില്‍ നിലവില്‍ 25 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.

5 പേര്‍ സംഭവ ദിവസം രാമനാട്ടുകരയില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നു. പാലക്കാട് സ്വദേശികളായ 2 പേരെ ഇതുവരെ പിടികൂടാനായിട്ടില്ല. കോടതി അനുമതി ലഭിച്ചതോടെ കസ്റ്റംസ് പ്രതികളെ കോഴിക്കോട്ടെ ജയിലിലെത്തി ചോദ്യം ചെയ്ത് വരികയാണ്. ഈ മാസം ഒമ്ബത് വരെ പ്രതികളെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.