കൊച്ചി: അര്‍ജന്റീന മുന്നേറ്റക്കാരന്‍ ജോര്‍ജ് റൊണാള്‍ഡോ പെരേര ഡയസ് 2021/22 ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. അര്‍ജന്റീന ക്ലബ് അത്ലറ്റികോ പ്ലാറ്റെന്‍സില്‍ നിന്ന് വായ്പ്പാടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
2008ല്‍ അര്‍ജന്റീന ടീം ഫെറോ കാറില്‍ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വര്‍ഷം അവിടെ കളിച്ചു . പിന്നീട് അത്ലറ്റികോ ലാനുസില്‍ എത്തിയ മുപ്പത്തൊന്നുകാരന്‍ ലാനുസിന് 2013ലെ കോപ സുഡാമേരിക്കാന കിരീടം സമ്മാനിച്ചു. മലേഷ്യന്‍ സൂപ്പര്‍ ലീഗ് ടീം ജോഹോര്‍ ദാറുള്‍ താസിം എഫ്സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വര്‍ഷത്തോളം കളിച്ച്‌ 45 ലീഗ് മത്സരങ്ങളില്‍നിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എ എഫ്സി കപ്പിലും എ എഫ്സി ചാമ്ബ്യന്‍സ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇന്‍ഡിപെന്‍ഡിന്റെ , ക്ലബ് ലിയോണ്‍ , ക്ലബ് ബൊളിവര്‍, ക്ലബ് ഡിപൊര്‍ടീവോ സാന്‍ മാര്‍കോസ് ഡി അറിക തുടങ്ങിയ ടീമുകള്‍ക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു .

പെരേര ഡയസിനെ പോലെ മികച്ച കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു . ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നതിന് പെരേര ഡയസിനെ അഭിനന്ദിക്കുന്നു . അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് . കഴിവിനൊത്ത് പെരേര ഡയസ് ഉയരുമെന്നാണ് പ്രതീക്ഷ-കരോലിസ് സ്കിന്‍കിസ് പറഞ്ഞു .
കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മാനേജ്മെന്റിന് നന്ദിയുണ്ടെന്നും പെരേര ഡയസ് പ്രതികരിച്ചു . മഞ്ഞപടയുടെ ആവേശം അനുഭവിക്കാന്‍ കാത്തിരിക്കുകയാണ്. എന്റെ എല്ലാ മികവും ഈ ടീമിനായി പുറത്തെടുക്കും-പെരേര ഡയസ് പറഞ്ഞു .

ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് ടീമില്‍ എത്തിക്കുന്ന മൂന്നാമത്തെ വിദേശതാരമാണ് പെരേര ഡയസ് . ഡ്യൂറന്റ് കപ്പ് ഫുട്ബോളിനായി കൊല്‍ക്കത്തയില്‍ എത്തുന്ന ടീമിനൊപ്പം പെരേര ഡയസ് ചേരും .
ഇപ്പോള്‍ ക്ലബ്ബിന്റെ പ്രീസീസണ്‍ മത്സരങ്ങള്‍ നടക്കുകയാണ്. സെപ്റ്റംബര്‍ 3 ന് ജമ്മു & കാശ്മീര്‍ ബാങ്ക് എഫ് സി (ജെ & കെ ബാങ്ക് XI) ക്കെതിരെയാണ് കെബിഎഫ്‌സിയുടെ അവസാന മത്സരം.

കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച്‌, ഈ സീസണിലും ബയോ-ബബിള്‍ സുരക്ഷയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. ടീമുമായി ചേരുന്നതിന് മുമ്ബ് എല്ലാ താരങ്ങളും അവരുടെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരുന്നു. താരങ്ങള്‍ക്ക് സ്ഥിരം ആരോഗ്യ പരിശോധനകള്‍ നടത്തി, സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സീസണാണ് കെബിഎഫ്‌സി ലക്ഷ്യമിടുന്നത്.