പി.പി.ചെറിയാന്‍
ഒഹായൊ∙ ബെൽമൗണ്ട് കൗണ്ടിയിലെ വീട്ടിൽ അതിക്രമിച്ചു കയറി 69 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ചശേഷം വെടിവച്ചു കൊലപ്പെടുത്തുകയും അവരുടെ 45 വയസ്സുള്ള മകളും പ്രതിയുടെ മുൻ കാമുകിയുമായ നിക്കോളിനെ തട്ടികൊണ്ടു പോകുകയും ചെയ്ത ജയിംസ് ഡേവിസ് (47) പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. (ജയിംസ് ഡേവിസ് അറിയപ്പെടുന്നത് അഹമ്മദ് ബൻ ഡേവിഡെന്നാണ്).
താങ്ക്സ് ഗിവിങ്ങ് ഡേയിലാണ് നോർമ മാറ്റ്കൊ (69)യെ വീട്ടിൽ കയറി കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിൽ ലൂസിയാന മിസിസിപ്പി അതിർത്തിയിൽ പൈൻവില്ല പാരിഷ് കൗണ്ടിയിലുള്ള സ്ലീപ് ഇന്നിൽ പ്രതി നിക്കോളിനെ തടഞ്ഞുവച്ചിരിക്കയാണെന്നുള്ള വിവരം ലഭിച്ചു. തുടർന്ന് സ്ഥലം വളഞ്ഞു പ്രതിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും പൊലീസിനു നേരെ ഇയ്യാൾ വെടിയുതിർക്കുകയായിരുന്നു. തിരിച്ചു പോലീസ് വെടിവെച്ചതിൽ പ്രതി കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച (ഡിസംബർ 1) നായിരുന്നു സംഭവം. ബെൽമൗണ്ടിൽ നിന്നും രക്ഷപ്പെട്ട പ്രതി ഇതിനിടയിൽ രണ്ടു തോക്കുകൾ ക്യാമറക്കു നേരെ ചൂണ്ടിയുള്ള പടം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതും നിക്കോളിന്റെ ഫോൺ വിൽക്കുന്നതിനു മറ്റൊരാളെ ഏൽപിച്ചതുമാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കാനിടയായത്.
കൊല്ലപ്പെട്ട നോർമയും നഴ്സായ മകളും പ്രതിയും അടുത്തടുത്ത താമസക്കാരായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവ ദിവസം പ്രതിയുമായി നോർമ വാക്കു തർക്കത്തിലേർപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പേരു വെളിപ്പെടുത്താത്ത ഓഫിസർക്ക് പരുക്കേറ്റെങ്കിലും നോർമയെ പരുക്കേൽക്കാതെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു.