ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഇരുരാജ്യങ്ങളും തമ്മിൽ പുതിയ തർക്കം. ശതകോടികൾ വിലമതിക്കുന്ന ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് അമേരിക്കയും ഇറാനും ഇപ്പോൾ വ്യത്യസ്ത വിശദീകരണങ്ങളുമായി എത്തിയിരിക്കുന്നത്.
ആണവപദ്ധതി, ഹോർമുസ് കടലിടുക്ക് ഉപരോധം നീക്കൽ, ഇറാന്റെ എണ്ണ ഉപരോധത്തിൽ അമേരിക്ക നൽകുന്ന ഇളവുകൾ തുടങ്ങി വിവിധ വിഷയങ്ങൾ അന്തിമ കരടിൽ ഉൾപ്പെടുന്നുണ്ടെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷമുള്ള 60 ദിവസങ്ങൾക്കുള്ളിൽ അന്തിമ കരാറിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.



