വാഷിംഗ്ടണ്‍ : അമേരിക്കയില്‍ മറ്റൊരു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ആവര്‍ത്തിക്കാതിരിക്കാനും ഭീകരവാദത്തില്‍ നിന്നും രക്ഷിക്കാനും ട്രംപിന് മാത്രമേ സാധിക്കൂ എന്ന് അന്തരിച്ച കൊടുംഭീകരന്‍ ഒസാമ ബിന്‍ലാദന്റെ സഹോദരപുത്രി നൂര്‍ ബിന്‍ ലാദന്‍. തന്റെ പുതിയ പ്രസ്താവനയുമായി യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് നൂര്‍ ബിന്‍ ലാദന്‍.

അമേരിക്കന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നൂറിന്റെ പ്രസ്താവന. ഒബാമയുടെയും ജോ ബൈഡന്റെയും ഭരണക്കാലയളവില്‍ ഐസിസ് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതായും യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്കും ഐസിസ് ശക്തി വ്യാപിപ്പിക്കാന്‍ തുടങ്ങിയതായും നൂര്‍ ചൂണ്ടിക്കാട്ടി.

ബറാക് ഒബാമയുടെ ഭരണക്കാലത്ത് യു.എസ് വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡന്‍. ഇന്ന് ട്രംപിന്റെ എതിരാളിയാണ് ബൈഡന്‍. ബൈഡന്റെ നയങ്ങളെ ട്രംപ് ചോദ്യം ചെയ്യുന്നതിനെയും നൂര്‍ പ്രശംസിച്ചു.ട്രംപിന്റെ കീഴില്‍ അമേരിക്കക്കാര്‍ സുരക്ഷിതരാണെന്നും അതുകൊണ്ടാണ് താന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നതെന്നും നൂര്‍ പറഞ്ഞു. തീവ്രവാദികളെ വേരോടെ ഇല്ലാതാക്കുന്നതിലൂടെയും ആക്രമണത്തിന് അവസരം നല്‍കുന്നതിന് മുമ്ബ് വിദേശ ഭീഷണികളിലെ വേരോടെ പിഴുതെറിഞ്ഞും ട്രംപ് തന്റെ കഴിവ് തെളിയിച്ചതായി നൂര്‍ വ്യക്തമാക്കി.