അബൂദബി: തലസ്ഥാന നഗരിയിലെ അല്‍ മാമൂറ പ്രദേശത്തെ കെട്ടിടത്തില്‍ വ്യാഴാഴ്ച വൈകീട്ടുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് പൂര്‍ണമായും നിയന്ത്രിച്ചതായി ശനിയാഴ്​ച വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. 12 നിലകളുള്ള റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് വ്യാഴാഴ്​ച വൈകീട്ട് തീപിടിത്തം ഉണ്ടായത്.

എല്ലാ താമസക്കാരെയും കെട്ടിടത്തില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. അഗ്​നി പ്ര​തിരോധ പ്രവര്‍ത്തനത്തിനിടെ രണ്ട് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.അബൂദബി പൊലീസ് ഓപറേഷന്‍ റൂമില്‍ അഗ്നിബാധ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ടീം എത്തി തീയണക്കാന്‍ ശ്രമിച്ചു.
തീപിടിത്തം സമീപ കെട്ടിടത്തിലേക്ക് വ്യാപിക്കുന്നതിനെതിരെ കരുതല്‍ നടപടി സ്വീകരിച്ചതായും അബൂദബി അഗ്നി പ്രതിരോധസേന അറിയിച്ചു. അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്​ടര്‍ ജനറല്‍, അഗ്‌നിശമന സേന, റെസ്‌ക്യൂ-ആംബുലന്‍സ് ടീമുകള്‍, പൊലീസ് സുരക്ഷ ടീമുകള്‍ എന്നിവര്‍ തീയണക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി.അഗ്നിബാധയുടെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും പൊലീസ് വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

അപകട സ്ഥലത്തേക്കെത്താവുന്ന റോഡുകള്‍ അടച്ചിടുന്നതിനും വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും മറ്റു റോഡുകളിലേക്ക് വാഹന ഗതാഗതം വഴിതിരിച്ചുവിടുന്നതിനും അബൂദബി ട്രാഫിക് ആന്‍ഡ് പട്രോളിങ് ഡയറക്ടറേറ്റി​െന്‍റ ശ്രമങ്ങളെയും സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്​ടര്‍ ജനറല്‍ പ്രശംസിച്ചു.

റസിഡന്‍ഷ്യല്‍, വാണിജ്യ കെട്ടിടങ്ങളിലെയും വിവിധ സ്ഥാപനങ്ങളിലെയും സുരക്ഷ ആവശ്യകതകള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു.