അബൂദബിയിലെ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി കാലവധി അവസാനിച്ചതോ, 2021 ജനുവരി 31 മുമ്പ് കാലാവധി അവസാനിക്കുന്നതോ ആയ പാസ്പോര്‍ട്ടുകള്‍ മാത്രമേ പുതുക്കി നല്‍കൂ എന്ന് എംബസി അറിയിച്ചു.

സാമൂഹിക അകലം ഉറപ്പാക്കാനും രോഗവ്യാപനം തടയാനുമുള്ള നടപടികളുടെ ഭാഗമായാണ് പാസ്പോര്‍ട്ട് സേവനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് എംബസി സര്‍ക്കുലറില്‍ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാലാവധി അവസാനിച്ചതോ അടുത്ത വര്‍ഷം ജനുവരി 31 മുമ്പ് കാലാവധി അവസാനിക്കുന്നതോ ആയ പാസ്പോര്‍ട്ടുകള്‍ മാത്രമേ പുതുക്കി നല്‍കൂ. ഈ കാലവധിക്കുള്ളില്‍ വിസ തീരുന്ന സാഹചര്യത്തിലും പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിക്കാം.

മറ്റ് അടിയന്തര സാഹചര്യങ്ങളില്‍ പാസ്പോര്‍ട്ട് പുതുക്കണമെങ്കില്‍ ആവശ്യം എന്താണെന്ന് വ്യക്തമാക്കി, രേഖകളുടെ കോപ്പി സഹിതം cons.abudhabi@mea.gov.in എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കണം. പാസ്പോര്‍ട്ട് സേവനകേന്ദ്രങ്ങളില്‍ കമ്ബനി പി.ആര്‍.ഒ മാര്‍ക്ക് ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കാന്‍ അപേക്ഷിക്കാം. കോവിഡ് സാഹചര്യത്തില്‍ അപേക്ഷകന്‍ നേരിട്ട് എത്തണമെന്ന നിബന്ധനയില്‍ ഇളവുണ്ടാകും.