അബഹ: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ എട്ട് പേരില്‍ മൂന്ന് ഇന്ത്യക്കാരും. ഇവര്‍ ബിഹാര്‍ സ്വദേശികളാണെന്നാണ് വിവരം. സംഭവത്തില്‍ മൂന്ന് ബംഗ്ളാദേശ് പൗരന്മാര്‍ക്കും ഒരു നേപ്പാള്‍ പൗരനും ഒരു സ്വദേശി പൗരനും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു ബംഗ്ലാദേശ് പൗരന്റെ നില ഗുരുതരമാണ്. സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
രാവിലെ 9.06 ഓടുകൂടി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന ഹൂതികളുടെ രണ്ടാമത്തെ ഡ്രോണ്‍ ആക്രമണം സൗദി സഖ്യസേന തകര്‍ത്തുകയായിരുന്നു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലിക്കാരായ എട്ടു പേര്‍ക്ക് പരിക്കേറ്റത്. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സൗദി എയര്‍ലൈന്‍സിന്റെ ബോയിങ് 320 വിമാനത്തിനും ചില ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ മറ്റൊരു ഡ്രോണ്‍ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. അബഹ വിമാനത്താവളവും സാധാരണ ജനങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഹൂതികളുടെ ആക്രമണങ്ങള്‍ എല്ലാ അന്താരാഷ്‌ട്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ളതാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ഇറാന്‍ പിന്തുണയോടെ നടക്കുന്ന ഈ ശ്രമങ്ങളെ അന്തര്‍ദേശീയ മാനുഷിക നിയമങ്ങള്‍ക്കനുസരിച്ച് ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



