കാബൂൾ: അഫ്ഗാനിസ്താനിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. പൂർണ സ്വാതന്ത്ര്യത്തോടെയും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യാൻ ഉദ്യോഗസ്ഥരോട് താലിബാൻ ആവശ്യപ്പെട്ടു. ഒപ്പം എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും തിരിച്ചു ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ‘എല്ലാവർക്കുമായി തങ്ങൾ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണം’, താലിബാൻ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാന്റെ അധികാരം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
അതേസമയം അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി കാബൂൾ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അഫ്ഗാനിൽ കുടുങ്ങിയവർക്ക് ഇ വിസ ലഭിക്കാനുള്ള സൗകര്യങ്ങളും ഇന്ത്യ ഒരുക്കിയിട്ടുണ്ട്. സിഖ്, ഹിന്ദു വംശജരോട് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാൻ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിൽ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.



