തിരുവനന്തപുരം: ബാലഭാസ്കര്‍ അപകടത്തില്‍പെട്ട ദിവസം ഇന്നോവ കാര്‍ അക്രമിക്കുപ്പെട്ടത് കണ്ടെന്ന മൊഴിയുമായി കലാഭവന്‍ സോബി ജോര്‍ജ്. മംഗലപുരം പെട്രോള്‍ പമ്ബിന് മുന്നില്‍ ബാലഭാസ്കറിന്റെ ഇന്നോവ കാറാകാം ആക്രമിക്കപ്പെട്ടെതെന്നാണ് സോബി ജോര്‍ജ് മൊഴി സിബിഐയ്ക്ക് നല്‍കിയത്. കേസിലെ സാക്ഷികളുമായി സിബിഐ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു.
സോബിയുടെ മൊഴി പ്രകാരം അപകടം നടക്കുന്നതിന് മുന്‍പ് പെട്രോള്‍ പമ്ബിന് മുന്നില്‍ വച്ച് ഇന്നോവ കാറിലുണ്ടായിരുന്നവരെ മറ്റ് രണ്ട് കാറിലെത്തിയ സംഘം അക്രമിച്ചു. ഇന്നോവ കാറിന്റെ പിറകിലെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ഇത് ബാലഭാസ്കര്‍ സഞ്ചരിച്ച കാറാണെന്നാണ് സോബിയുടെ സംശയം. തുടര്‍ന്ന് കാര്‍ പെട്രോള്‍ പമ്ബിന് മുന്നില്‍ നിന്ന് പോയി. അതിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് പോകും വഴിയാണ് ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍ പെട്ട് കിടക്കുന്നത് കണ്ടത്. പക്ഷേ അവിടെ കാര്‍ നിര്‍ത്താന്‍ അനിവദിച്ചില്ല. ബൈക്കില്‍ എത്തിയ സംഘം തന്നെ ഭീക്ഷണിപ്പെടുത്തി പറഞ്ഞയച്ചു. തന്റെ വണ്ടി പിന്തുടരുന്നത് തിരിച്ചറിഞ്ഞതിനാല്‍ മറ്റൊരുവഴിയിലൂടെ പോയി ഒരു മണിക്കൂറോളം ഒളിച്ച് കിടന്നു. ആ സ്ഥലത്തും സോബിയുമായി പോയി പൊലീസ് തെളിവെടുത്തു.
ക്രൈംബ്രാഞ്ചിന് ഇക്കാര്യം മൊഴിനല്‍കാത്തത് അവര്‍ അനുവദിക്കാത്തതുകൊണ്ടാണെന്നും, മറ്റ് രണ്ട് കാര്യങ്ങള്‍ കൂടി വെളിപ്പെടുത്താനുണ്ടെന്നും സോബ് ജോര്‍ജ് പറഞ്ഞു.
സോബി ജോര്‍ജിന്റെ ചില മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് സിബിഐ നിഗമനം. കേസിലെ മറ്റ് സാക്ഷികളായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍, സി. അജി, മംഗലപുരം പൊലീസ് സ്റ്റേഷനിലെ ജീവനക്കാര്‍ എന്നിവരുടെയും മൊഴി സിബിഐ രേഖപ്പെടുത്തി.