വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം അര്‍ജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടത്തിനു ശോഭ വലുതാണ്. രണ്ടര പതിറ്റാണ്ടിലേറെയായി ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ സ്വപ്നത്തിനു ഫലം വന്നിരിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. അപമാനിച്ചവര്‍ക്കു മുന്‍പില്‍ രാജ്യത്തിന് വേണ്ടി നീല വസന്തം തീര്‍ക്കാന്‍ മെസ്സിക്ക് കഴിഞ്ഞുവെന്ന് ബ്രിട്ടാസ് വ്യക്തമാക്കുന്നു.

ഇന്ന് നടന്ന ഫൈനലില്‍ ഏകപക്ഷീകമായ ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തകര്‍ത്തത്. എയ്ഞ്ചല്‍ ഡി മരിയ ആണ് വിജയ ഗോള്‍ നേടിയത്. 28 വര്ഷം നീണ്ട അര്‍ജന്റീന ടീമിന്റെയും ആരാധകരുടെയും സ്വപ്നവും കാത്തിരുപ്പുമാണ് ഇന്ന് മാരക്കാനയില്‍ സാധ്യമായത്. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച ബ്രസീലിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കോപ്പ അമേരിക്ക 2021 ല്‍ അര്‍ജന്റീന ചരിത്രത്തിലേക്ക് നടന്നു കയറുമ്ബോള്‍, കോടിക്കണക്കിനു വരുന്ന ആരാധകരുടെ പ്രാര്‍ത്ഥനകളാണ് സഫലമാകുന്നത്.

’28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം അര്‍ജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം. കാല്‍പന്തുകളി പല തവണ മെസിയേയും അര്‍ജന്റീനയേയും ആരാധകരെയും മോഹിപ്പിച്ച്‌ കടന്നു കളഞ്ഞിട്ടുണ്ട്. 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളില്‍ ചിലിക്ക് മുന്നില്‍ നിന്ന് കണ്ണീരോടെയാണ് മെസി പടിയിറങ്ങിയത്. അന്ന് കളിക്കളത്തോട് വിടപറയുന്നു എന്ന പ്രഖ്യാപനം വരെ നടത്തി.. എന്നാല്‍ ഇന്ന് 2021 ല്‍ കോപ്പയിലെ മികച്ച കളിക്കാരനും ടോപ് സ്കോററും മെസ്സിയാണ്. അപമാനിച്ചവര്‍ക്കു മുന്‍പില്‍ രാജ്യത്തിന് വേണ്ടി നീല വസന്തം തീര്‍ക്കാന്‍ മെസ്സിക്ക് കഴിഞ്ഞു. രണ്ടര പതിറ്റാണ്ടിലേറെയായി ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ സ്വപ്നം. മറഡോണക്ക് ഇതില്‍ കൂടുതലായി ഒരു ആദരാഞ്ജലി നല്കാനുണ്ടോ? ബ്രസീല്‍ തോറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ നെയ്മര്‍ മെസ്സിയെ സ്നേഹപൂര്‍വ്വം ചേര്‍ത്തു പിടിച്ച നിമിഷവും കൂടി മനസ്സില്‍ പതിയുന്നു. കാല്‍പ്പന്തുകളിയുടെ സൗന്ദര്യവും സംസ്കാരവും ഇതാണ്. ഇതുകൊണ്ട് കൂടിയാണ് കാല്‍പ്പന്തുകളി ഏവരുടെയും ഹൃദയത്തില്‍ പതിയുന്നതും. ലോകകപ്പിനായുള്ള കാത്തിരിപ്പിന് ഊര്‍ജം പകരുന്ന നിമിഷങ്ങള്‍ കൂടിയാണിത്’, ബ്രിട്ടാസ് വ്യക്തമാക്കി.