ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ചെന്നൈ റെഡ് ഹിൽസിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു ചടങ്ങുകൾ നടന്നത്.
സിനിമാ മേഖലയിൽ നിന്നും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. കൊറോണ പ്രോട്ടോകോൾ പ്രകാരം നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടന്നത്. ചലച്ചിത്ര താരങ്ങളായ വിജയ്, അർജുൻ, റഹ്മാൻ, സംവിധായകരായ ഭാരതി രാജ, അമീർ എന്നിങ്ങനെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കൊറോണയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. നാൽപ്പതിനായിരത്തിലധികം പാട്ടുകൾ പാടിയ അദ്ദേഹം നാലു ഭാഷകളിലായി അൻപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. സംഗീത മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.