അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങാന്‍ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് സൗദിയ എയര്‍ലൈന്‍സ്. എന്നാല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഔദ പദ്ധതി വഴി സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായുള്ള മാര്‍ഗ്ഗരേഖ പ്രസിദ്ദീകരിച്ചിട്ടുണ്ടെന്നും സൗദിയ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ കഴിഞ്ഞ മാര്‍ച്ച്‌ 15 മുതലാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഈ സ്ഥിതി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് സൗദിയ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. നിലവില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന സൗദി പൗരന്മാര്‍ക്ക് സൗദിയിലേക്ക് തിരിച്ച്‌ വരാനുള്ള അനുമതിയുണ്ട്. വിസിറ്റ് വിസയില്‍ രാജ്യത്ത് തങ്ങുന്നവര്‍ക്കും, റീ എന്‍ട്രി വിസയിലും, ഫൈനല്‍ എക്സിറ്റിലും തങ്ങളുടെ രാജ്യത്തേക്ക് തിരിച്ച്‌ പോകാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും അതിനുള്ള സൗകര്യം ഔദ വഴിയും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സാധാരണ രീതിയിലുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സൗദിയ എയര്‍ലൈന്‍സ് അറിയിച്ചു