ബെംഗളൂരു: അന്തരിച്ച വി ജി സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡെയെ കഫെ കോഫി ഡേയുടെ സിഇഒ ആയി നിയമിച്ചു. നിലവില്‍ കമ്പനിയുടെ ഡയറക്ടറാണ് ഇവര്‍. സ്റ്റോക് എക്‌സ്‌ചേഞ്ച് ഫയലിങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
ഡയറക്ടര്‍ തലത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിലും മാറ്റമുണ്ടായി. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഓഹരി വില 4.83 ശതമാനം ഉയര്‍ന്ന് 26.05 രൂപയിലെത്തി.
2019ല്‍ മംഗലാപുരത്ത് ദുരൂഹ സാഹചര്യത്തിലാണ് വിജി സിദ്ധാര്‍ത്ഥ മരിച്ചത്. തിങ്കളാഴ്ച ചേര്‍ന്ന കോഫി ഡേയുടെ എന്റര്‍പ്രൈസസ് ബോര്‍ഡാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. മാളവിക ഹെഗ്‌ഡെയ്ക്ക് പുറമെ, ഗിരി ദേവനൂര്‍, മോഹന്‍ രാഘവേന്ദ്ര കൊണ്ടി എന്നിവരെ അഡീഷണല്‍ ഡയറക്ടര്‍മാരായും നിയമിച്ചു.
ബാധ്യതകള്‍ ഉയരുകയും നഷ്ടം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ഭരണമാറ്റം ഉണ്ടാകുന്നത്. തങ്ങളുടെ വിവിധ ബിസിനസ് സംരംഭങ്ങളിലെ ഓഹരികള്‍ വിറ്റഴിച്ച് കടം കുറയ്ക്കാനാണ് ശ്രമം. പുതിയ നിയമനങ്ങള്‍ 2025 ഡിസംബര്‍ 30 വരെയാണ് കാലാവധി.