ബംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരിയുടെ സഹായി ഉത്തര്‍പ്രദേശ് മുസഫര്‍ നഗര്‍ സ്വദേശി ഇഖ്ലാഖ് ഖുറൈശി മാണ്ഡ്യയില്‍ പോലീസ് പിടിയിലായി. 2007ല്‍ ബംഗളൂരുവില്‍ നടന്ന ശബ്നം ഡവലപ്പേഴ്സ് വെടിവെപ്പ് കേസിലെ പ്രതിയാണ്. ഈ കേസില്‍ രവി പൂജാരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കേസിലെ കൂട്ടുപ്രതിയുടെ അറസ്റ്റ്.
2007ല്‍ ബംഗളൂരു സൗത്തിലെ ശബ്നം ഡവലപ്പേഴ്സിലുണ്ടായ വെടിവെപ്പില്‍ രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ബൈക്കിലെത്തിയ അക്രമിക്ക് തോക്ക് കൈമാറിയത് ഖുറൈശിയാണെന്ന് കേസ് അന്വേഷിച്ച സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നീട് അറസ്റ്റിലായ ഖുറൈശി ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞദിവസം ലഭിച്ച രഹസ്യ വിവരത്തിെന്റ അടിസ്ഥാനത്തില്‍ മാണ്ഡ്യയിലെ നെലമംഗലയില്‍നിന്ന് വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ പിടികൂടിയതെന്ന് ബംഗളൂരു ക്രൈം വിഭാഗം ഡി.സി.പി കുല്‍ദീപ് ജയിന്‍ പറഞ്ഞു. സമാനമായ മറ്റു കേസുകളിലും ഇയാളുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.
2007ലെ വെടിവെപ്പ് കേസ്, കൊച്ചിയില്‍ മലയാളി നടിയുടെ ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ് എന്നിവയടക്കം നൂറോളം ക്രിമിനല്‍ കേസുകളാണ് രവി പൂജാരിക്കെതിരെയുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്‍റര്‍പോളിന്റെ സഹായത്തോടെയാണ് സെനഗാളില്‍നിന്ന് രവി പൂജാരിയെ കര്‍ണാടക പൊലീസ് നാട്ടിലെത്തിച്ചത്.



