അധികാരമേറ്റ ആദ്യ ദിവസം തന്നെ ട്വിറ്ററിന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി പുതിയ കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ഓരോ രാജ്യത്തും അവിടുത്തെ നിയമം ആണ് വലുതെന്നും അത് പാലിക്കപ്പെടുക തന്നെ വേണമെന്നും ട്വിറ്ററിനെ ഉദ്ദേശിച്ച്‌ മന്ത്രി പറഞ്ഞു. ട്വിറ്ററും കേന്ദ്ര സര്‍ക്കാരും വളരെ നാളുകളായി പുതിയ ഐ ടി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലാണ്.

നിയമം അനുസരിച്ച്‌ ട്വിറ്റര്‍ പോലുള്ള സാമൂഹിക മാദ്ധ്യമങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനെ തങ്ങളുടെ പരാതി പരിഹാര ആഫീസറായി നിയമിക്കണം. ഫേസ്ബുക്ക് പരാതി പരിഹാര ആഫീസറെ നിയമിച്ചു കഴിഞ്ഞെങ്കിലും ട്വിറ്റര്‍ ഇതുവരെയായും അത്തരമൊരു നിയമനം നടത്തിയിട്ടില്ല.

അതേസമയം എട്ട് ആഴ്ചയ്ക്കുള്ളില്‍ പരാതി പരിഹാര ആഫീസറെ നിയമിക്കാന്‍ തങ്ങള്‍ ശ്രമിക്കാം എന്ന് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. തങ്ങള്‍ താത്കാലികാടിസ്ഥാനത്തില്‍ ഇന്തയില്‍ സ്ഥിരതാമസമാക്കിയ ഒരു വ്യക്തിയെ പരാതി പരിഹാര ആഫീസറായി നിയമിച്ചിട്ടുണ്ടെന്നും ജൂലായ് 6ന് ആ വ്യക്തി സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞുവെന്നും ട്വിറ്റര്‍ അറിയിച്ചു. ഇതേ കാര്യം രേഖാമൂലം തങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ കോടതിയില്‍ വ്യക്തമാക്കി.