ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പദവി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഗൊഗോയ് വിരമിച്ചു എന്നതിനാല്‍ ഹര്‍ജി പ്രസക്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്.

ജസ്റ്റിസ് ഗൊഗോയിയുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നംഗ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ രാമചന്ദ്ര ഹുബികര്‍ എന്നയാളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.എന്നാല്‍, ജസ്റ്റിസ് ഗൊഗോയ് വിരമിച്ചതിനാല്‍ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് അരുണ്‍ മിശ്രയടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു വിധി.

എന്നാല്‍ രഞ്ജന്‍ ഗൊഗോയ് പദവി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച്‌ 2018ല്‍ തന്നെ താന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നുവെന്നും അതിന്‍മേല്‍ ഒരു നടപടിയും സുപ്രീം കോടതി സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. തന്റെ പരാതി രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ചുവെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ച്‌ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സുപ്രീം കോടതിയ്ക്ക് കത്തയച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രഞ്ജന്‍ ഗൊഗോയ് പക്ഷപാതപരവും ചീഫ് ജസ്റ്റിസ് പദവിയ്ക്ക് അനുചിതവുമായ പെരുമാറ്റം നടത്തിയെന്ന ആരോപണത്തില്‍ ജഡ്ജിമാരുടെ കമ്മിറ്റി അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ നവംബറിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്.