1999 ല്‍ പ്രദര്‍ശനത്തിനെത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കലാഭവന്‍ മണിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ നിരവധി പുരസ്കാരങ്ങളും മണിയെ തേടിയെത്തിയിരുന്നു. ഇത് തമിഴിലേക്ക് മൊഴി മാറ്റിയെത്തിയതോടെ, മണിയുടെ മാത്രമല്ല തമിഴ് പതിപ്പിലെ നായകനായ വിക്രത്തിന്റെയും തലവര മാറ്റി മറിച്ച ചിത്രമായി.

ഇപ്പോള്‍ ആ സിനിമയിലെ ഓര്‍മ പങ്കുവെച്ച്‌ രം​ഗത്തെത്തിയിരിക്കുകയാണ് ചിയാന്‍ വിക്രം. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുടെ തമിഴ് പതിപ്പ് ചെയ്യുമ്ബോള്‍ എനിക്ക് അതിശക്തമായ കണ്ണ് വേദനയുണ്ടായിരുന്നു. ഇത്രയും റിസ്ക്‌ എടുത്തു എന്തിനാണ് ഈ സിനിമ ചെയ്യുന്നതെന്ന് അന്ന് ഡോക്ടര്‍മാരും ചോദിച്ചിരുന്നു. വിക്രം പറയുന്നു.

ഞാന്‍ ഏറ്റവും ബുദ്ധിമുട്ടി ചെയ്ത കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്. വിനയന്‍ സാറിന് ആ സിനിമ ചെയ്യുമ്ബോള്‍ മലയാളത്തില്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മികവ് കിട്ടാന്‍ വല്ലാത്ത സ്ട്രെയിന്‍ ചെയ്തു ചെയ്യണമായിരുന്നു. വിക്രം ഓര്‍ക്കുന്നു.

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്ന മണി ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന് ദേശീയ അവാര്‍ഡ് ലഭിക്കാതെ അവസാനനമിഷം തഴയപ്പെട്ടപ്പോള്‍ ബോധം കെട്ട് വീണതൊക്കെ വാര്‍ത്തകളായിരുന്നു.

കാശി എന്ന പേരില്‍ റിലീസ് ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനുമിന്റെ തമിഴ് പതിപ്പ് തമിഴ്നാട്ടിലും വലിയ വിജയമായിരുന്നു. 2001 നവംബര്‍ 14 നായിരുന്നു ഇതിന്റെ റിലീസ്. ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് ഫിലിംഫെയര്‍ ബെസ്റ്റ് ആക്ടര്‍ പുരസ്കാരം നേടാനായി.