അതിവേഗ റെയിൽ പദ്ധതി കേരളത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്നും സിൽവർലൈൻ പദ്ധതി തടസ്സപ്പെടുത്തിയതിന് യു.ഡി.എഫ് സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ട്, ഭൂരിഭാഗവും തൂണുകളിലായുള്ള അതിവേഗ റെയിൽ ഇടനാഴിയെ കുറിച്ച് ‘മെട്രോമാൻ’ ഇ. ശ്രീധരൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതായുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് അതിവേഗ റെയിൽ ഇടനാഴി വരുന്നതിനെ ഇടതുപക്ഷം എതിർക്കില്ല. തങ്ങൾക്ക് മാത്രമേ ഇത്തരം ഒരു പദ്ധതി നടപ്പാക്കാൻ കഴിയൂ എന്ന ഒരു നിർബന്ധവുമില്ല. എന്നാൽ യു.ഡി.എഫിന് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നും, അവർ ഇത് വെറുമൊരു പ്രചരണ ആയുധമായി മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം പറഞ്ഞു.