തിരുവനന്തപുരം:​ കൈയ്യേറ്റത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടി വൈകുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശിനി സജ്​ന അലി. അതിക്രമിച്ചയാളുടെ പേരുസഹിതം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ്​ സജ്​ന ഫേസ്​ബുക്​ പോസ്റ്റിലൂടെ ആരോപിച്ചത്​.

പൊലീസ്​ അന്വേഷണം കാര്യക്ഷമമായി എടുത്തിട്ടില്ലെന്നും പ്രതിയെ ചോദ്യം പോലും ചെയ്യാതെ ജാമ്യത്തിന്​ അനുവദിച്ചുവെന്നും സജ്​ന ആരോപിച്ചു. ഓഗസ്റ്റ് 19 ന് തിരുവനന്തപുരത്തുള്ള എന്‍.ജി.ഒ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി റെബല്ലോ റുസ്‌വെല്‍റ്റ് എന്നയാള്‍ തന്നെ അതിക്രമിച്ചു എന്നാണ്​ സജ്​നയുടെ പരാതി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കുമെന്നായിരുന്നു പൊലീസില്‍ നിന്ന് ലഭിച്ച മറുപടിയെങ്കിലും അന്വേഷണ പുരോഗതി അറിയാനായി മൂന്ന് ദിവസം മുമ്ബ്​ മിത്ര ലൈനിലേക്ക് വിളിച്ചപ്പോള്‍ കേസ്​ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ്​ അറിഞ്ഞതെന്നും സജ്​ന പറഞ്ഞു.

സജ്​ന അലിയുടെ ഫേസ്​ബുക്​ പോസ്റ്റ്​:

കേസ് എന്തായി എന്നൊക്കെ ഒരുപാട് പേര് ചോദിക്കുന്നുണ്ട്..

എന്നാല്‍ കേട്ടോളു..

ഒന്നുമായിട്ടില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഇനിയും സമയമെടുക്കും എന്നാണു പോലീസ് സ്റ്റേഷനില്‍ നിന്നുള്ള മറുപടി. ഒരാഴ്ച മുന്നേ തന്നെ കേസ് കോടതിയിലെത്തിക്കും എന്ന് പറഞ്ഞു ദൃക്‌സാക്ഷിക്കു വേണ്ടി എന്നെ റോഡില്‍ തേരാപാരാ ഓടിച്ച അതെ പോലീസ് തന്ന മറുപടി.

സ്ത്രീസുരക്ഷക്കു നമ്മുടെ നാട്ടില്‍ ഇത്രയൊക്കെ വിലയുള്ളൂ. അതിപ്പോ നിങ്ങളുടെ വീടിന്റെ അകത്ത്​ ഇരയും പ്രതിയും മാത്രമുള്ള സാഹചര്യത്തില്‍ ആയിരുന്നു സംഭവമെങ്കില്‍ ഒരുപക്ഷെ ഇത്ര പോലും എത്തുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ പിന്നെ പട്ടാപ്പകല്‍ നടുറോഡില്‍ നാട്ടുകാരും കൂട്ടുകാരും കണ്ടു നില്‍ക്കെ ശാരീരികമായും ലൈംഗികമായും ഒരുത്തന്‍ പീഡിപ്പിച്ചിട്ട്​ ഇതുവരെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാത്ത സിസ്റ്റത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ നീതിയൊന്നും പ്രതീക്ഷിക്കുന്നില്ല സാര്‍!!

അക്രമിച്ചവന്‍റെ പേരും നാളും പടവും ജാതകവും അടക്കം ആണ് പരാതിപ്പെട്ടത്. ഇനി ഞാന്‍ അയാളുടെ പടമടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ ഒരു മാന്യദേഹത്തെ മനപ്പൂര്‍വം കരിവാരി തേച്ചു എന്ന് പറഞ്ഞു എനിക്കെതിരെ നടപടികള്‍ എടുക്കാന്‍ വകുപ്പ് ഉണ്ടായിരിക്കുമല്ലേ?.

സ്ഥലം എം.എല്‍.എ കമ്മീഷണറെ വിളിച്ചപ്പോഴും പറഞ്ഞെ “അവനെ പിടിച്ചു അകത്തിടാനുള്ള വകുപ്പൊന്നും ഇല്ല” എന്നാണ്. അതാണ് കൂട്ടുകാരെ നമ്മുടെ നാട്ടിലെ നിയമം. നാട്ടുകാരുടെ മധ്യത്തില്‍ എന്റെ ദേഹത്ത് കൈവെച്ച അവനെ അകത്തിടാനൊന്നും ഇവിടെ ഒരു നിയമവും ഇല്ല. പക്ഷെ എന്റെ സുരക്ഷക്ക് ഞാന്‍ ഒറ്റയ്ക്ക് പുറത്തിറങ്ങാതിരിക്കാനും “അസമയത്” കറങ്ങാതിരിക്കാനും നിയമമുണ്ട് . മീഡിയ സുഹൃത്തുക്കള്‍ക്കൊന്നും “ത്രില്ലടിപ്പിക്കുന്ന” വാര്‍ത്ത ആവാതിരുന്നത് കാരണമാവും ഇതൊന്നും തിരിച്ചറിയപ്പെടാതെ പോയ വാര്‍ത്ത ആയത്​. പിന്നെ ഞാന്‍ ചത്തിട്ടും ഇല്ല, സാധാരണ ഇര ചാവണമല്ലോ വാര്‍ത്ത കോളങ്ങള്‍ നിറയാന്‍.

അല്ലാതെ പ്രതികരിക്കുന്ന ഇരയുടെ മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇവിടെ ഒരാള്‍ക്കും അറിയേണ്ടതില്ല.