ചെന്നൈ: അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷമായതിനിടെ ഒ പനീര്‍സെല്‍വത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച്‌ പ്രവര്‍ത്തകര്‍ പനീര്‍സെല്‍വത്തിന് പിന്തുണയുമായി ചെന്നൈയില്‍ ഉള്‍പ്പടെ തെരുവിലിറങ്ങി. എന്നാല്‍ ജനങ്ങള്‍ തനിക്കെപ്പമാണെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. പരസ്യപ്രസ്താവനകള്‍ നടത്തുന്നതിന് നേതാക്കള്‍ക്ക് പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തി.

ഒരുമിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന സംയുക്ത പ്രസ്താവനയ്ക്ക് ശേഷവും ഒപിഎസ്-ഇപിഎസ് ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ചെന്നൈയില്‍ പനീര്‍സെല്‍വത്തിന്‍റെ വസതിക്ക് മുന്നില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഒത്തുകൂടി. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്നും വരുന്ന മുഖ്യമന്ത്രിയെന്നും മുദ്രവാക്യം വിളിച്ചു. പതിനൊന്ന് മുതിര്‍ന്ന മന്ത്രിമാര്‍ ഒപിഎസ്സിന്‍റെ വസതിയില്‍ എത്തി വീണ്ടും ചര്‍ച്ച നടത്തി. തേനിയില്‍ ഒപിഎസ്സിന്‍റെ പോസ്റ്റര്‍ രാത്രി വീണ്ടും എടപ്പാടി പക്ഷം നശിപ്പിച്ചു. ജനങ്ങളുടെ പിന്തുണ തനിക്കാണെന്നും ജനങ്ങളാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും എടപ്പാടി പളനിസ്വാമി പ്രതികരിച്ചു.