അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. പെണ്‍കുട്ടികളുടെലോംഗ് ജംപില്‍ ഉത്തര്‍പ്രദേശുകാരിയായ ഷൈലി സിങ്ങാണ് വെള്ളി നേടി ഇന്ത്യയ്ക്കായി മൂന്നാം മെഡല്‍ സ്വന്തമാക്കിയത്.
ആദ്യത്തെ രണ്ട് അവസരത്തിലും ഷൈലി 6.34 മീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ മൂന്നാം അവസരത്തില്‍ 6.59 ദൂരം ചാടി മികച്ച പ്രകടനം കാഴ്ച വെച്ചാണ് മെഡല്‍ നേടിയെടുത്തത്. 6.60 ദൂരം ചാടി യൂറോപ്യന്‍ ചാമ്ബ്യനായ സ്വീഡന്റെ മജ അസ്കാജാണ് സ്വര്‍ണം സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനത്തോടെയാണ് ഷൈലി ഫൈനലില്‍ പ്രവേശിച്ചത്. നേരത്തെ 10 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളിമെഡല്‍ നേടിയിരുന്നു. 42:17.94 സമയത്തിലാണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.

ഇത് കൂടാതെ ഭാരത് എസ്, സമി, കപില്‍, പ്രിയ മോഹന്‍ തുടങ്ങിയവരടങ്ങിയ മിക്സഡ് റിലേയിലും ഇന്ത്യ മെഡല്‍ നേടിയിരുന്നു. 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്ത ഇന്ത്യന്‍ സംഘം വെങ്കലമെഡലാണ് സ്വന്തമാക്കിയത്.



