പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ട് സംഘം വനത്തിനുള്ളിൽ കുടുങ്ങി. കനത്ത മഴയെ തുടർന്ന് ഭവാനിപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് പത്തംഗം സംഘം വനമേഖലയിൽ കുടുങ്ങിയത്. പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പുഴ മുറിച്ചു കടക്കാനാകാതെ സംഘം വനത്തിൽ കുടുങ്ങുകയായിരുന്നു.

രാവിലെ പട്രോളിംഗിനായി മുരുഗള ഭാഗത്തേക്ക് പോയപ്പോൾ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നില്ല. എന്നാൽ പിന്നീട് ശക്തമായ മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമാകുകയും ചെയ്തു. ഇതോടെയാണ് പുഴ മുറിച്ചു കടക്കാൻ കഴിയാതെ തണ്ടർബോൾട്ട് സംഘം വനത്തിൽ തങ്ങി.

അതേസമയം എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പാലക്കാട് എസ് പി വ്യക്തമാക്കി. ജലനിരപ്പ് താഴ്ന്നാൽ ഇവർക്ക് മടങ്ങി വരാൻ കഴിയുമെന്നും ആശയ വിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.