കോവിഡ് കാലത്ത് കാന്‍സര്‍ രോഗികള്‍ക്കു പിന്തുണ നല്‍കാനായി കാര്‍കിനോസ് കാന്‍സര്‍ കെയര്‍ ഹെല്പ് ലൈന്‍ ആരംഭിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു മണി വരെ ഇതിലൂടെ ലഭിക്കും.
കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. മോനി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ അര്‍ബുദ രോഗ വിദഗ്ദ്ധരും നഴ്സുമാരും അടങ്ങിയ സംഘമാണ് കാര്‍കിനോസ് കാന്‍സര്‍ കെയറിലുള്ളത്. പ്രമുഖ അര്‍ബുദ രോഗ വിദഗ്ദ്ധരായ ഡോ. ശങ്കര്‍ രംഗസ്വാമി, ഡോ. സുനിത ഡാനിയല്‍, ഡോ. അജിത്ത് നമ്പ്യാര്‍, ഡോ. വിന്‍സെന്റ് ബോസ്, ഡോ. സൗമ്യ ബോസ് തുടങ്ങി സംഘത്തിലുളളവര്‍ ഈ സേവനത്തിനായി ലഭ്യമായിരിക്കും. രോഗികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സാധ്യമായ ഏറ്റവും മികച്ച പിന്തുണ ഇവര്‍ ലഭ്യമാക്കും.
കോവിഡ് കാലത്ത് കാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട് രോഗികളുടേയും പരിചരിക്കുന്നവരുടേയും എല്ലാ ചോദ്യങ്ങള്‍ക്കും ആധികാരികമായ വിവരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യവുമായാണ് കാര്‍കിനോസ് കാന്‍സര്‍ കെയര്‍ ഹെല്പ് ലൈന്‍ ആരംഭിച്ചത്. കോവിഡ് കാലത്ത് മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ ലഭിക്കുന്നതു ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പ്രവര്‍ത്തന സമയത്തിനു ശേഷം ലഭിക്കുന്ന കോളുകള്‍ക്ക് അടുത്ത ദിവസമായിരിക്കും പ്രതികരണം നല്‍കുക.
കോവിഡിനെ തുടര്‍ന്ന് കാന്‍സര്‍ പരിചരണത്തിന് പുതിയ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം 70 ശതമാനം രോഗികകള്‍ക്കാണ് അവരുടെ ജീവന് രക്ഷയ്ക്കാവശ്യമായ ശസ്ത്രക്രിയകളും ചികില്‍സകളും അസാധ്യമായിട്ടുള്ളത്. മൊത്തത്തിലുള്ള കാന്‍സര്‍ പരിചരണ സേവനങ്ങളുടെ കാര്യത്തില്‍ 2020 ഏപ്രിലിലും മെയിലും മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം ഇടിവാണുണ്ടായത്. പതിവ് കാന്‍സര്‍ പരിചരണങ്ങള്‍ക്കായി എത്താനാവാതിരിക്കുക, അടിയന്തര ശസ്ത്രക്രിയകള്‍ക്ക് എത്താനാവാതിരിക്കുക, കീമോതെറാപിക്കു ശേഷം വീട്ടിലെത്താനാവാതിരിക്കുക തുടങ്ങിയവയാണ് പൊതുവായി അനുഭവപ്പെട്ട പ്രശ്നങ്ങള്‍.
കോവിഡ് കാലത്ത് പരിമിതികള്‍ക്കുള്ളില്‍ നിന്ന് രോഗികള്‍ക്ക് ഗുണമേന്മയുളള പരിചരണം നല്കാന് ഏറ്റവും ശക്തമായ മാര്‍ഗമാണ് ടെലി ഓങ്കോളജിയെന്ന് കൊച്ചി ഓങ്കോളജി ഗ്രൂപ് പ്രസിഡന്റ് ഡോ. പവിത്രന് ചൂണ്ടിക്കാട്ടി. ആരേയും എവിടേയും എപ്പോഴും ബന്ധപ്പെടാം എന്നതിനാല്‍ ഈ രീതി നിലനില്‍ക്കുമെന്നും കൂടുതല്‍ വിപുലമായി ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കീമോതെറാപിയിലുള്ള രോഗികള്‍ക്ക് കോവിഡ് വന്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് കൊച്ചിന് ഓങ്കോളജി ഗ്രൂപ് സെക്രട്ടറിയും ആസ്റ്ററിലെ മെഡിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരുണ്‍ വാര്യര്‍ പറഞ്ഞു. വാക്സിനേഷന് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ചികില്‍സയ്ക്കിടെ എന്തെങ്കിലും അണുബാധയുണ്ടാകുമോ തുടങ്ങിയവയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഈ ഹെല്പ് ലൈന്‍ പരിഹാരം നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാന്‍സറിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ തേടുന്നതും പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിര്‍ണയത്തിനും രോഗം ചികില്സിക്കുന്നതിനും ഏറെ സഹായകമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ പ്രതിരോധ വിഭാഗത്തിന്റെ മുന്‍ മേധാവിയും കാര്‍കിനോസ് ഹെല്‍ത്ത് കെയറിലെ പ്രിവന്റീവ് ഓങ്കോളജി ആന്റ് റിസര്‍ച്ചിലെ ഡയറക്ടറുമായ ഡോ. ശങ്കരനാരായണന് രംഗസ്വാമി പറഞ്ഞു. ഇക്കാര്യത്തില്‍ ഹെല്പ് ലൈന്‍ ഏറെ സഹായകരമായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് കാന്‍സര്‍ അടക്കം പല രോഗങ്ങള്‍ക്കും പരിചരണം നല്കുന്ന കാര്യം അവഗണിക്കപ്പെട്ടു എന്ന് റോസ് വെല്‍ പാര്‍ക്ക് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹെഡ് ആന്റ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജസ്റ്റ് മേധാവിയും പ്രൊഫസറും കാര്‍ക്കിനോസ് ഹെല്‍ത്ത് കെയറിലെ മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടറുമായ ഡോ. മോനി ഏബ്രഹാം ചൂണ്ടിക്കാട്ടി. കാര്‍ക്കിനോസ് കാന്‍സര്‍ ഹെല്പ് ലൈന്‍ ഈ പ്രശ്നം മറികടക്കാന്‍ സഹായിക്കുമെന്നും രോഗികളേയും സഹായികളേയും ഈ രംഗത്തെ വിദഗ്ദ്ധരുമായി ബന്ധപ്പെടുത്താനും ആശങ്കകള്‍ പരിഹരിക്കാനും ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് വന്‍ വെല്ലുവിളികളാണു നേരിടുന്നതെന്ന് നാഷണല്‍ ഹെല്‍ക്ക് മിഷനിലെ മുന്‍ സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസറും കാര്‍കിനോസ് ഹെല്‍ത്ത് കെയറിലെ എന്‍സിഡി ആന്റ് ഔട്ട്റീച്ച് കണ്‍സള്‍ട്ടന്റും അഡ്വൈസറുമായ ഡോ. സുനിത ഡാനിയല്‍ ചൂണ്ടിക്കാട്ടി. ചികില്‍സയുമായി ബന്ധപ്പെട്ടു പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായേക്കാവുന്നതുമായി ബന്ധപ്പെട്ടും മോശമാകുന്ന ലക്ഷണങ്ങളുമായി ബന്ധപ്പെട്ടും എന്തെങ്കിലും വൈദ്യ സഹായം തേടാന്‍ സാധിക്കാതെയും വരുന്നുണ്ട്. ഇതിനു വേണ്ടി മാത്രമായുള്ള ഹെല്പ് ലൈന്‍ അവരുടെ ആശങ്കകള്‍ക്കു ചെവി കൊടുക്കുകയും മറുപടി നല്‍കുകയും ചെയ്യും. ഇത് അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ വന്‍ സഹായമാകുമെന്നും ഡോ. സുനിത ഡാനിയല്‍ പറഞ്ഞു.
ആധികാരികമായ ഏറ്റവും പുതിയ വിവരങ്ങള്‍ തേടുക എന്നതിന് ഏറെ പ്രസക്തിയാണുള്ളത്. കാര്‍കിനോസ് ഹെല്‍ത്ത് കെയര്‍ ഹെല്പ് ലൈന്‍ ജനങ്ങള്‍ക്ക് ഇതിനുള്ള അവസരമാണു നല്‍കുന്നത്.
ഹെല്പ് ലൈന്‍ നമ്പര്‍ 93213 50770
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു നാലു മണി വരെ



