ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23ഓളം കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്.
പൂര്‍ണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളും പ്രധാന ആവശ്യം. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് കത്തില്‍ പറയുന്നു. യുവാക്കള്‍ നരേന്ദ്രമോദിക്ക് വോട്ടുചെയ്യുന്നതും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിത്തറ നഷ്ടപ്പെടുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി മനസിലാക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ വിമര്‍ശനമുണ്ട്. രണ്ടാഴ്ച മുമ്ബാണ് കത്ത് അയച്ചതെന്നാണ് വിവരങ്ങള്‍.
തോല്‍വിയില്‍ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ പറയുന്നു. നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കള്‍ കത്തയച്ചത്. പാര്‍ട്ടിയില്‍ ചിലര്‍ ഭിന്നതയ്ക്ക് ശ്രമിക്കുന്നു എന്ന് ചില മുതിര്‍ന്ന നേതാക്കള്‍ കത്തില്‍ ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ വരവ് ചിലര്‍ ചെറുക്കുന്നു എന്ന പ്രചാരണം ഇതിന്‍റെ ഭാഗമാണ് എന്നാണ് ആരോപണം. പാര്‍ലമെന്‍റി ബോര്‍ഡ് രൂപീകരിക്കണം എന്നാവശ്യവും നേതാക്കള്‍ കത്തില്‍ ഉന്നയിക്കുന്നുണ്ട്. ശശി തരൂര്‍ പിജെ കുര്യന്‍ എന്നിവരും കത്ത് നല്‍കിയെന്നാണ് സൂചന.



