പിറന്നാള്‍ ദിനത്തില്‍ അച്ഛന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്. അച്ഛനേറെ ഇഷ്ടപ്പെട്ട രണ്ടു ബൈക്കുകളാണ് ഉണ്ണി മുകുന്ദന് പിറന്നാള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. തന്റെ അച്ഛന് പണ്ട് കൈവിട്ട് കളയേണ്ടി വന്ന രണ്ട് ബൈക്കുകള്‍ പുത്തനാക്കി തിരിച്ചു സമ്മാനിച്ചിരിക്കുകയാണ് ഉണ്ണി.
അച്ഛന് ഉപയോഗിച്ചിരുന്ന ഹീറോ ഹോണ്ടയുടെ സിഡി 100, യെസ്ഡി ബൈക്കുകളാണ് പുതുപുത്തനാക്കി പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനമാക്കി നല്‍കിയത്. ബൈക്കിനൊപ്പമുള്ള അച്ഛന്റെ ചിത്രങ്ങളും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. തലേദിവസം തന്നെ ബൈക്ക് അടുത്ത വീട്ടിലെത്തിച്ച് പിറന്നാള്‍ ദിനത്തില്‍ രാവിലെ നടക്കാനിറങ്ങുമ്ബോള് സര്‍പ്രൈസായി സമ്മാനിക്കുകയായിരുന്നെന്നു ഉണ്ണി മുകുന്ദന് പറയുന്നു.
“പിറന്നാള്‍ ആശംസകള്‍ അച്ഛാ.. ആ പഴയ യാത്രകള്‍ അച്ഛന് തിരിച്ചു കിട്ടിയതില്‍ ഏറെ സന്തോഷം” എന്നാണ് ഉണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ലോക്ഡൗണില്‍ പാലക്കാട്ടെ വീട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു ഉണ്ണി. മേപ്പടിയാന് ആണ് ഉണ്ണിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയില്‍ നിന്ന് താരം താത്കാലികമായി മാറിനില്‍ക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഉണ്ണിക്കായി താരത്തിന്റെ ടീമാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത്.



