ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൈവിട്ടു പോകുകയാണെന്നും ഈ മാസം അവസാനമാകുമ്ബോഴേക്കും ആശുപത്രികള്‍ നിറയുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ആശുപത്രികളില്‍ കിടക്കകള്‍ തികയില്ലെന്നും തീവ്രപരിചരണ വിഭാഗത്തില്‍(ഐ.സി.യു) ഇടമോ വെന്റിലേറ്ററിന്റെ സഹായമോ കിട്ടാതാകുമെന്ന് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്്.

ആശുപത്രികളില്‍ ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും ഒഴിവില്ലാതാകുമെന്നും കോവിഡ് ചികിത്സ അമ്ബേ പാളുമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണു പറഞ്ഞത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ രോഗം ബാധിച്ച മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നിലവില്‍ ഐ.സി.യു. കിടക്കകള്‍ക്കു ക്ഷാമം നേരിടുകയാണ്. തമിഴ്‌നാട്ടില്‍ ജൂെലെ ഒന്‍പതോടെ കിടക്കകളും ബെഡുകളും നിറയുമെന്നാണ് സംസ്ഥാനത്തിന്റെ നിഗമനം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നു ചീഫ് സെക്രട്ടറിമാര്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ ചികിത്സയിലുള്ളത് 1303 പേരാണ്. രോഗമുക്തര്‍ 999. നിരീക്ഷണത്തിലുള്ളത്. 2,27,402 പേര്‍. ഇന്നലെ അഡ്മിറ്റ്: 242 പേര്‍, ആകെ ഹോട്ട് സ്‌പോട്ട്: 128. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 78 പേര്‍ക്കാണ്. (തൃശൂര്‍, മലപ്പുറം- 14 വീതം, ആലപ്പുഴ- 13, പത്തനംതിട്ട-ഏഴ്, എറണാകുളം, പാലക്കാട്- അഞ്ച് വീതം, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ്- നാല് വീതം, കോട്ടയം, കണ്ണൂര്‍- മൂന്ന് വീതം, തിരുവനന്തപുരം, ഇടുക്കി-ഒന്ന് വീതം). വിദേശത്തുനിന്നു വന്ന 36 പേര്‍ക്കും (യു.എ.ഇ- 17, കുെവെത്ത്- 12, സൗദി അറേബ്യ- നാല്, ഒമാന്‍- രണ്ട്, മാലിദ്വീപ്- ഒന്ന്) മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 31 പേര്‍ക്കുമാണ് (മഹാരാഷ്ട്ര- 16, ഡല്‍ഹി- ഏഴ്, തമിഴ്‌നാട്- മൂന്ന്, കര്‍ണാടക- രണ്ട്, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍- ഒന്നുവീതം) ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായി. (തൃശൂര്‍-ഏഴ്, മലപ്പുറം-മൂന്ന്).

കഴിഞ്ഞ ജൂണ്‍ ഒന്‍പതിനു മുംെബെയില്‍നിന്നു ട്രെയിനിലെത്തിയ കണ്ണൂര്‍, ഇരിക്കൂര്‍ പട്ടുവം നടുക്കണ്ടി ഉസ്സന്‍കുട്ടി(72)ക്കു മരണശേഷമാണു രോഗം സ്ഥിരീകരിച്ചത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിനു ഗുരുതര ശ്വാസകോശരോഗവുമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 19 ആയി. ഇന്നലെ 32 പേര്‍ രോഗമുക്തരായി. (കൊല്ലം-ഏഴ്, പാലക്കാട്-ആറ്, ഇടുക്കി, എറണാകുളം, തൃശൂര്‍-നാല് വീതം, കോഴിക്കോട്, കണ്ണൂര്‍-രണ്ട് വീതം, തിരുവനന്തപുരം, കോട്ടയം, കാസര്‍ഗോഡ്-ഒന്നുവീതം). എറണാകുളത്ത് കോവിഡ് നെഗറ്റവായ ആള്‍ തിരുവനന്തപുരം സ്വദേശിയും കണ്ണൂരില്‍ രോഗമുക്തനായ ഒരാള്‍ കാസര്‍ഗോഡ് സ്വദേശിയുമാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. തൃശൂരില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും ക്ഷേത്രത്തിനു സമീപമുള്ള ചാവക്കാട്, വടക്കേക്കാട് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായതും കണക്കിലെടുത്താണു സര്‍ക്കാര്‍ തീരുമാനം. 15-നു നടത്താനിരുന്ന മേല്‍ശാന്തി നിയമന അഭിമുഖം റദ്ദാക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹച്ചടങ്ങുകള്‍ നടത്താം. 22 മുതല്‍ 27 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപദേവ കലശം നടത്തും. നിത്യപൂജ തുടരും. ചോറൂണ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പാടില്ലെന്നു നേരത്തേ തീരുമാനിച്ചിരുന്നു.

നിരവധി പേര്‍ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂര്‍ ക്ഷേത്രം തുറക്കുന്നതു സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നു തീരുമാനിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രം തുറന്നെങ്കിലും ദര്‍ശനത്തിനെത്തിയവരുടെ എണ്ണം തീരെ കുറവായിരുന്നു. വെര്‍ച്ച്‌വല്‍ ക്യൂവിലൂടെ ഒരു ദിവസം 400 പേര്‍ക്കു മാത്രം ദര്‍ശനം അനുവദിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ക്ഷേത്രം തുറന്ന നാലു ദിവസവും നൂറില്‍ത്താഴെ ഭക്തരാണു ദര്‍ശനത്തിനെത്തിയത്.