തിരുവനന്തപുരം: മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയെ മകന്‍ അശ്വിന്‍ ഇടിച്ചുവീഴ്ത്തിയതാണെന്ന് പൊലീസ്. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ അച്ഛനെ മകന്‍ ഇടിച്ചു വീഴ്ത്തുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
ജയമോഹന്‍ തമ്പിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കാണാതായെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ ജയമോഹന്‍ തമ്പിയെ കണ്ടപ്പോള്‍ മാലയുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തെ കണ്ടവര്‍ പോലീസിന് മൊഴി നല്‍കി. ആദ്യം മുഖത്ത് ഇടിച്ചശേഷം വീണ്ടും ഇടിച്ചിട്ടെന്നാണ് അശ്വിന്‍ പൊലീസിന് നല്‍കിയ മൊഴി. ഇതോടെ തലയടിച്ച് വീണ ജയമോഹന്‍ തമ്പി ബോധരഹിതനായി.
കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ അശ്വിനും ജയമോഹന്‍ തമ്പിയും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നു. ലോക്ക്ഡൗണ്‍ കാലത്തെ ഇടവേളയ്ക്ക് ശേഷം മദ്യശാലകള്‍ തുറന്നതോടെയാണ് നിരന്തരമായ മദ്യപാനം വീണ്ടും തുടങ്ങിയത്. ഇവരുടെ മദ്യപാനവും വഴക്കും കാരണമാണ് അശ്വിനൊപ്പമുണ്ടായിരുന്ന ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്.തമ്പിയുടെ എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതും മകനായിരുന്നു.
കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസ് പറയുന്നത്. അച്ഛന്‍ ബോധമില്ലാതെ കിടക്കുന്ന വിവരം സഹോദരനെയടക്കം വിളിച്ചുപറഞ്ഞെങ്കിലും ആരും വീട്ടിലേക്ക് വന്നില്ലെന്നും അശ്വിന്‍ മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന്‍ മരിച്ചുകിടക്കുമ്ബോള്‍ ഇയാള്‍ വീണ്ടും രണ്ട് കുപ്പി മദ്യം വാങ്ങി കുടിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ അയല്‍വാസിയും സുഹൃത്തുമായ സതിയ്ക്ക് മദ്യം വാങ്ങാന്‍ പണം നല്‍കി. ഇയാള്‍ മദ്യം വാങ്ങിക്കൊണ്ടുവന്ന് ഇരുവര്‍ക്കും ഒഴിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇവരോടൊപ്പം സതി മദ്യപിച്ചിരുന്നില്ലെന്നാണ് മൊഴി. പിന്നാലെ വീണ്ടും മദ്യം വാങ്ങാന്‍ അശ്വിന്‍ അച്ഛനോട് പണം ആവശ്യപ്പെട്ടെങ്കിലും പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തായ സതിയ്ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസ് കണക്കുകൂട്ടല്‍.