മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ നിന്നും സംവിധായിക വിധു വിന്‍സെന്റ് രാജിവച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിധുവിന്‍റെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സംഘടന. ഔപചാരികത എന്ന നിലയ്ക്ക് 30 ദിവസത്തെ നോട്ടീസ് കാലാവധിക്കു ശേഷം, ഓഗസ്റ്റ് എട്ടിന് കൂടിയ മാനേജിംഗ് കമ്മിറ്റി വിധുവിന്‍റെ രാജി സ്വീകരിച്ചതായി സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ബ്ലോഗില്‍ പറയുന്നു. കേട്ടുകേള്‍വിക്കോ പുറമെ നിന്നുണ്ടായ വിമര്ശനങ്ങള്‍ക്കോ ചെവി കൊടുക്കാതെ താങ്കള്‍ക്ക് സംഘടനയോട് പറയാനുള്ള വാക്കുകള്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തുനില്‍ക്കുകയായിരുന്നു ഡബ്ല്യൂസിസി എന്നും പറയുന്നഒരു സുദീര്‍ഘമായ കത്തും സംഘടന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിധു വിന്‍സെന്‍റിന് ഡബ്ല്യുസിസി അയച്ച കത്തിലെ ഭാഗങ്ങള്‍

ശ്രീമതി. വിധു വിന്‍സെന്റ് അറിയുന്നതിന്, 2020 ജൂണ്‍ ഇരുപത്തിയേഴാം തീയതി താങ്കള്‍ അയച്ച കത്ത് ലഭിച്ചു. താങ്കള്‍ അത് സംഘടനയ്ക്ക് അയച്ച കത്താണെന്നു പിന്നീട് ഫേസ്ബുക്കിലൂടെ പറഞ്ഞതുകൊണ്ട് ഔദ്യോഗിക നോട്ടീസും രാജിയുമായി കരുതി ഡബ്ല്യൂസിസി മറുപടി അയക്കുന്നു.

ഒരുമിച്ചിരുന്ന് ഉള്ളു തുറന്ന സംഭാഷണം അഭ്യര്‍ത്ഥിച്ചതിനു താങ്കളുടെ മറുപടി ‘resignation/ for private use’ (രാജി/ സ്വകാര്യ ഉപയോഗത്തിന്) എന്ന തലക്കെട്ടോടെ ഡബ്ല്യൂസിസി യിലെ പതിമൂന്ന് സ്ഥാപക അംഗങ്ങളുടെ ഇമെയില്‍ വിലാസങ്ങളിലേക്ക് അയച്ച കത്ത് ആയിരുന്നു; രാജി വെക്കാനുള്ള താങ്കളുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കുമ്ബോഴും, ജനാധിപത്യ മര്യാദകളോടെ നമുക്കിടയില്‍ സാധ്യമായ ഒരു ചര്‍ച്ചയെ ഇങ്ങനെ ഇല്ലാതാക്കിയത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി എന്ന് സംഘടന വിശ്വസിക്കുന്നു. അംഗങ്ങളുടെ തൊഴില്‍ ഇടപാടുകള്‍ വ്യക്തിപരമാണെന്നും അതില്‍ ഡബ്ള്യുസിസിക്ക് സവിശേഷാധികാരമൊന്നും ഇല്ലെന്നും സംഘടനക്ക് വ്യക്തമാണ്. താങ്കളുടെ കത്തില്‍ പറഞ്ഞ പോലെയുള്ള ഔദ്യോഗിക വിശദീകരണങ്ങള്‍ ഒരവസരത്തിലും മറ്റേത് അംഗങ്ങളോടും എന്നപോലെ താങ്കളോടും ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ല

കേട്ടുകേള്‍വിക്കോ പുറമെ നിന്നുണ്ടായ വിമര്ശനങ്ങള്‍ക്കോ ചെവി കൊടുക്കാതെ താങ്കള്‍ക്ക് സംഘടനയോട് പറയാനുള്ള വാക്കുകള്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തുനില്‍ക്കുകയായിരുന്നു ഡബ്ല്യൂസിസി. സംഘടന ഇതേ പരസ്പര ബഹുമാനവും കരുതലും പ്രതീക്ഷിച്ചെങ്കിലും അവ താങ്കളില്‍ നിന്ന് സംഘടനക്ക് ലഭിച്ചിട്ടില്ല.

സിനിമയില്‍ സ്ത്രീകളുടെ നേര്‍ക്കുള്ള അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഡബ്ള്യുസിസി. മലയാള സിനിമയെന്ന ചെറിയ തൊഴിലിടത്തില്‍ ഡബ്ള്യുസിസിയെ വിമര്ശിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമൊപ്പം സംഘടനയിലെ മിക്ക അംഗങ്ങളും തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. എങ്കിലും ആരും സ്വന്തം സിനിമയുടെ പ്രവര്‍ത്തനങ്ങളെ ഡബ്ള്യുസിസിയുമായി ബന്ധപ്പെടുത്താറില്ല. താങ്കളുടെ സിനിമയുടെ പ്രവര്‍ത്തനങ്ങളെ അനാവശ്യമായി സംഘടനയോട് ബന്ധിപ്പിച്ചതുകൊണ്ടു മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഡബ്ല്യൂസിസിയെക്കുറിച്ചു തെറ്റായ ധാരണകള്‍ ഉണ്ടാവുകയും അവ പ്രചരിക്കുകയും ചെയ്തു. ഒരു മാധ്യമ പ്രവര്‍ത്തക കൂടിയായ വിധു ഇതേക്കുറിച്ചു സംഘടനയുടെ ആശങ്ക മനസ്സിലാക്കാത്തതു ആശ്ചര്യകരമാണ്.

താങ്കളുടെ രാജിക്കത്തില്‍ വ്യക്തി കേന്ദ്രീകൃതമായ ആരോപണങ്ങള്‍ക്കാണ് മുന്‍‌തൂക്കം. വ്യക്തിതല ആരോപണങ്ങളെ കുറിച്ച്‌ അവരവര്‍ക്ക് ഉചിതമെന്നു തോന്നുന്ന രീതിയില്‍ അംഗങ്ങള്‍ പ്രതികരിക്കും എന്ന് ഡബ്ല്യൂസിസി കരുതുന്നു‌. സംഘടനയെ സംബന്ധിച്ച്‌ താങ്കള്‍ ഉന്നയിച്ച രണ്ടു പ്രധാന കാര്യങ്ങളിലെ പ്രതികരണങ്ങള്‍ താഴെ വ്യക്തമാക്കുന്നു.
വ്യത്യസ്ത സാമൂഹിക-സാമ്ബത്തിക-സാംസ്‌കാരിക-മത-ജാതി ചുറ്റുപാടുകളില്‍ നിന്നുള്ള ഡബ്ല്യൂസിസി യുടെ കൂടിച്ചേരല്‍, പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥയില്‍ എല്ലാത്തരം എതിര്‍പ്പുകളെയും അതിജീവിക്കുന്ന സ്ത്രീവാദ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂന്നിയതാണ്. അതുകൊണ്ടു തന്നെ ഡബ്ല്യൂസിസി ക്കു ഉള്ളിലും പുറത്തുമുള്ള വരേണ്യതയെയും സാമൂഹ്യ പദവിയിലൂന്നിയുള്ള ഉച്ചനീചത്വങ്ങളെയും സ്വയംവിമര്‍ശനത്തോടെ നേരിടേണ്ടത് സംഘടനയുടെ ആവശ്യമാണ്. അതിന്‍്റെ പ്രധാന പടിയായി സംഘടന ലാറ്ററല്‍ ആയ, കളക്ടീവ് എന്ന അധികാര ശ്രേണീബദ്ധമല്ലാത്ത രൂപം സ്വീകരിച്ചിരിക്കുന്നു. ഡബ്ല്യൂസിസിയെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച്‌ ഭിന്നാഭിപ്രായങ്ങള്‍ തുടക്കം മുതല്‍ക്കേ തുറന്ന് പ്രകടിപ്പിക്കാനും അന്യോന്യം കേട്ട് മനസ്സിലാക്കാനുള്ള ഇടം കൂട്ടായ യാത്രയില്‍ നമ്മള്‍ ഒരുമിച്ച്‌ ചേര്‍ന്ന് സൃഷ്ടിച്ചിട്ടുണ്ട്. ആരും കുറ്റമറ്റവരല്ലെന്നും ഒപ്പം പ്രവര്‍ത്തിക്കുമ്ബോള്‍ അന്യോന്യം വരേണ്യതയുടെ തലങ്ങള്‍ തിരിച്ചറി ഞ്ഞ് അതുമറികടക്കാന്‍ കളക്റ്റീവിനെ ശക്തിപ്പെടുത്തേണ്ടത് ശ്രീമതി.വിധുവടക്കം ഓരോ അംഗത്തിന്റെയും ചുമതലയാണെന്നും സംഘടന കരുതുന്നു. കൂട്ടായ്മയുടെ വിനയം കാത്തുസൂക്ഷിച്ചുകൊണ്ടു അകത്തും പുറത്തുമുള്ള വരേണ്യതയെ നേരിടുന്ന നിരന്തരമായ പ്രക്രിയ ആയിത്തന്നെ തുടരണം എന്ന് ഡബ്‌ള്യുസിസി വിശ്വസിക്കുന്നു.

ലൈംഗീക അതിക്രമ കേസുകളോടു ഡബ്ല്യൂസിസിയുടെ ‘ഇരട്ടത്താപ്പ്’ എന്ന പരാമര്ശത്തെക്കുറിച്ച്‌ ചില വസ്തുതകള്‍ ഓര്മപെടുത്തട്ടെ. ഏതു കേസിനെക്കുറിച്ചും ആഴത്തില്‍ പഠിച്ചുകൊണ്ടു ആവശ്യമെങ്കില്‍ മാത്രം ഇടപെടുന്ന രീതിയാണ് സംഘടന പാലിച്ചിട്ടുള്ളത്. താങ്കള്‍ എടുത്തുപറഞ്ഞ കേസുകളില്‍ ഉള്‍പ്പടെ അതിജീവിച്ച ഓരോ വ്യക്തിക്കും, സംഘടനക്ക് അതീതമായി, സ്വന്തം ജീവിതത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്; അവരോടൊപ്പം നില്‍ക്കുമ്ബോള്‍ ഈ സ്വാതന്ത്ര്യത്തിന്റെ പരിധികളെ ബഹുമാനിക്കാന്‍ സംഘടന പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രസ്ഥാനത്തിന്റെ ദര്‍ശനവും ദൗത്യവും പ്രവര്‍ത്തന ശൈലിയും കൃത്യമായി അറിയുകയും ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ശ്രീമതി.വിധു, ഇങ്ങനൊരു അടിസ്ഥാനരഹിതമായ ആരോപണം ഉയര്‍ത്തുന്നത് സ്വയം പ്രതിരോധത്തിനു വേണ്ടി ആണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
ഡബ്‌ള്യുസിസിയെക്കുറിച്ചുള്ള ക്രിയാത്മകമായ വിമര്ശനമാണ് താങ്കള്‍ ഈ കത്തിലൂടെ ഉദ്ദേശിച്ചതെങ്കില്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, താങ്കള്‍ അടക്കം ഒരു കൂട്ടം സ്ത്രീകളുടെ പ്രതീക്ഷയുടെയും പ്രയത്നത്തിന്റെയും ഫലത്തെ അനാസ്ഥയോടെ കൈകാര്യം ചെയ്യുകയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

പരസ്പര ബന്ധങ്ങളെ പുനര്‍ നിര്‍വചിക്കുന്ന ഈ കോവിഡ് കാലത്ത്, മനുഷ്യര്‍ക്കിടയിലും, മനുഷ്യനുംപ്രകൃതിക്കുമിടയിലും പുതിയ യുദ്ധക്കളങ്ങളെ നിര്‍ണയിക്കുന്ന അതിര്‍വരമ്ബുകള്‍ ഞങ്ങള്‍ മനസിലാക്കുന്നു. ഹീനമായ കുറ്റകൃത്യത്തിനെതിരെ ശബ്ദിച്ച നമ്മുടെ സഹപ്രവര്‍ത്തകയോടൊപ്പം നില്‍ക്കുക, എന്നത്തേക്കാളുമേറെ കേസിന്‍്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ പ്രഥമമായ കടമയാണെന്ന് ഡബ്ല്യൂസിസി വിശ്വസിക്കുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ ശ്രീമതി. വിധുവിന്‍്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വിട്ടുപോകല്‍ തീരുമാനവും അനാരോഗ്യകരമായ തുടര്‍നടപടികളും സംഭവിച്ചത് വളരെ ദൗര്ഭാഗ്യകരമായിപ്പോയി.

പരിണിതഫലം എന്താകുമെന്ന് ചിന്തിക്കാതെ അതിജീവിച്ചവളുടെ ഈ ചരിത്രയുദ്ധത്തിന് നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടതുണ്ട് ‘if you don’t stand for something you will fall for anything’ എന്ന് മാല്‍കം എക്സ് പറയുന്നു. ഇനിയങ്ങോട്ടുള്ള നമ്മുടെ യാത്രകള്‍ വേറിട്ടതാണെങ്കില്‍ കൂടി, സിനിമയിലെ സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങളും തുല്യ ഇടവുമെന്നുള്ള ആശയം ചരിത്രത്തെ ‘അവളുടെ കഥ’ കൂടിയായി കണ്ട്, താങ്കളുള്‍പ്പടെ നാമോരോരുത്തര്‍ക്കും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

രാജ്യത്തെ സൊസൈറ്റി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംഘടനയുടെ ഔപചാരികത എന്ന നിലയ്ക്ക്, മുപ്പത് ദിവസത്തെ നോട്ടീസ് കാലാവധിക്കുശേഷം, ഓഗസ്റ്റ് എട്ടാം തീയതി കൂടിയ ഡബ്ല്യൂസിസി മാനേജിങ് കമ്മിറ്റി ശ്രീമതി.വിധുവിന്‍്റെ രാജി സ്വീകരിച്ചതായി അറിയിക്കുന്നു.

വിമെന്‍ ഇന്‍ സിനിമ കളക്ടീവിനു വേണ്ടി,