ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമില്‍ പത്തോളം പേര്‍ക്ക് കോവിഡ് ബാധിച്ചത് ക്യാമ്ബില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ടൂര്‍ണമെന്‍റില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങേണ്ടി വരുമോയെന്ന് വരെ സൂപ്പര്‍ കിങ്സ് മാനേജ്മെന്റ് ആലോചിച്ചു. എന്നാല്‍, ക്യാപ്റ്റന്‍ എം.എസ് ധോണിയുടേത് അടക്കം മറ്റു താരങ്ങളുടെയും ഒഫീഷ്യലുകളുടെയും സാമ്ബിള്‍ പരിശോധന ഫലം പുറത്തു വന്നപ്പോള്‍, ആര്‍ക്കും കോവിഡ് ഇല്ലെന്ന റിേപ്പാര്‍ട്ട് വന്നു.
ഇതോടെയാണ് ടീമിനും ഐ.പി.എല്‍ നടത്തിപ്പുകാര്‍ക്കും ആശ്വാസമായത്. മൂന്ന് തവണ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് ടൂര്‍ണമെന്‍റ് കളിക്കാനാവാതിരുന്നാല്‍ ഒരുപക്ഷേ നടത്തിപ്പുകാര്‍ക്ക് വലിയ നഷ്ടമായേനെ. നേരത്തെ ചില ടീം അംഗങ്ങള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, നെറ്റ് ബൗളര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിെന്റ മുഴുവന്‍ അംഗങ്ങള്‍ക്കും ക്വാറന്‍റീന്‍ കാലാവധി സെപ്റ്റംബര്‍ ഒന്നുവരെ നീട്ടുകയും ചെയ്തിരുന്നു.
രോഗം ബാധിച്ചവര്‍ ഒരാഴ്ച ക്വാറന്‍റീനില്‍ കഴിഞ്ഞ്, തുടര്‍ഫലങ്ങളും നെഗറ്റിവായാല്‍ മാത്രമേ ടീം അംഗങ്ങള്‍ക്കൊപ്പം ചേരാന്‍ കഴിയൂ. അതേസമയം, ക്വാറന്‍റീന്‍ പൂര്‍ത്തിയായ മറ്റു ടീം അംഗങ്ങള്‍ കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചു. സെപ്റ്റംബര്‍ 19നാണ് 13ാം സീസണ്‍ ആരംഭിക്കുന്നത്.