ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കോവിഡ്​ പോസിറ്റീവായതിന്​ തൊട്ടുപിറകെ ഗതാഗത മന്ത്രി മൂല്‍ ചന്ദ്​ ശര്‍മക്കും വൈറസ്​ ബാധ സ്ഥിരീകരിച്ചു. പരിശോധനയില്‍ താന്‍ കോവിഡ്​ പോസിറ്റീവെന്ന്​ കണ്ടെത്തിയതായും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ പരിശോധനക്ക്​ തയാറാകണമെന്നും മന്ത്രി മൂല്‍ ചന്ദ് ശര്‍മ അറിയിച്ചു.

കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ്​ ഷെഖാവത്തുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത്​ ശേഷമാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും കോവിഡ്​ സ്ഥിരീകരിച്ചത്. ന്യൂഡല്‍ഹിയിലെ സത്‌ലജ് യമുന ലിങ്ക് കനാല്‍ പ്രശ്‌നത്തില്‍ ഷെഖാവത്തുമായുള്ള നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഖട്ടര്‍ പരിശോധനക്ക്​ വിധേയനായത്​. കേന്ദ്രമന്ത്രി ഷെഖാവത്ത്​ കോവിഡ്​ പോസിറ്റീവായതിനെ തുടര്‍ന്നാണ്​ ഖട്ടര്‍ വീണ്ടും പരിശോധനക്ക്​ വിധേയനായത്​. തുടര്‍ന്ന്​ അദ്ദേഹം ഔദ്യോഗിക വസതിയില്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചിരുന്നു.