മലപ്പുറം: തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കാളികളാവുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്മാനങ്ങളുമായി ജില്ലാ ശുചിത്വ മിഷന്‍. ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഉദ്യോഗസ്ഥരില്‍ എത്തിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ഓരോ പോളിംഗ് ബൂത്തിനും എട്ട് വീതം കൂപ്പണുകള്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകളില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്യും.

കൂപ്പണുകള്‍ നറുക്കെടുത്താണ് സമ്മാനാര്‍ഹരെ കണ്ടെത്തുക. ഒന്നാം സമ്മാനമായി ബയോഗ്യാസ് പ്ലാന്റ്, രണ്ടാം സമ്മാനമായി ബയോ കമ്ബോസ്റ്റര്‍ ബിന്‍, മൂന്നാം സമ്മാനമായി കിച്ചണ്‍ ബിന്‍ എന്നിവ കൂടാതെ 60 ഓളം പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് ഗ്രീന്‍ ഇലക്ഷന്‍ നോഡല്‍ ഓഫീസറും, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ഇ.ടി. രാകേഷ് അറിയിച്ചു.

ഡിസംബര്‍ 14 ന് ശേഷമായിരിക്കും നറുക്കെടുപ്പ്. ഫലം പ്രസിദ്ധീകരിച്ച്‌ ഏഴ് ദിവസത്തിനകം സമ്മാനര്‍ഹരായ ഉദ്യോഗസ്ഥര്‍ കൂപ്പണുമായി ജില്ലാ ശുചിത്വ മിഷന്‍ ഓഫീസിലെത്തി സമ്മാനം കൈപ്പറ്റണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായതിന്റെയും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നതിന്റെയും രേഖകളും മേലധികാരിയുടെ കത്തും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2738001