ഉത്തർപ്രദേശിലെ ഹത്‌റാസിൽ 20കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ജന്തർ മന്തറിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധ പരിപാടിക്ക് ഐക്യദാർഢ്യം അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും എത്തി.
എത്ര പ്രതിഷേധം ഉയർന്നാലും താൻ ഹത്‌റാസ് സന്ദർശിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ തങ്ങളുടെ പോരാട്ടം തുടരും. നീതി ലഭിക്കണം. ഹത്‌റാസ് സംഭവത്തിൽ നടപടി സ്വീകരിക്കാൻ പട്ടിക വർഗ വകുപ്പിനോട് ആവശ്യപ്പെടുകയാണെന്നും ചന്ദ്രേശഖർ ആസാദ് പറഞ്ഞു.
നേരത്തെ ഇന്ത്യ ഗേറ്റിലായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ പ്രതിഷേധ സംഗമം ജന്തർ മന്തറിലേക്ക് മാറ്റുകയായിരുന്നു. ഭീം ആർമി, ആം ആദ്മി പാർട്ടി, ഇടതുപാർട്ടികൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിന് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്.