ന്യൂഡല്‍ഹി | ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പോലീസിന്റെ വാദം തള്ളിയ അലിഗഡ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) അസീം മലിക്കിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. താത്കാലിക അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം.
അടിയന്തരമായി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടീസ് ചൊവ്വാഴ്ചയാണ് ഡോ. അസീമിന് ആശുപത്രി അധികൃതര്‍ നല്‍കിയത്. അതേ സമയം സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ അലിഗഡ് സര്‍വകലാശാല അധികൃതര്‍ തയാറായിട്ടില്ല.
ഫോറന്‍സിക് പരിശോധന ഫലത്തില്‍ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായിട്ടില്ലെന്നാണെന്നാണ് എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞത്. എന്നാല്‍, സംഭവം നടന്ന് പതിനൊന്ന് ദിവസത്തിന് ശേഷം ശേഖരിച്ച ഫോറന്‍സിക് സാമ്പിളുകളുടെ പരിശോധന ഫലത്തില്‍ സാധുതയില്ലെന്ന് ഡോ. അസീം മാലിക്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ ബലാത്സംഗത്തിന്റെ നിയമപരമായ നിര്‍വചനം അറിയില്ലേയെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് എഡിജിപിയോട് ചോദിക്കുകയും ചെയ്തു.