സൻഫ്രാൻസിസ്ക്കോ ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപെട്ട സൻഫ്രാൻസിസ്ക്കോ, സെന്റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാൾ ഓഗസ്റ്റ് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ നടക്കുന്നു. ഓഗസ്റ്റ് എട്ടാം തിയതി ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി റവ. ഫാദർ. തോമസ് കോര കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി.

ഓഗസ്റ്റ് 14ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥനയെ തുടർന്ന് മലങ്കര യാക്കോബായ സഭയിലെ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ധ്യാനകേന്ദ്രം ചെയർമാനും, അനുഗ്രഹീത വചനപ്രഘോഷകനുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപോലീത്താ തിരുമനസ് (ഓൺലൈൻ വഴി) വചന പ്രഘോഷണം നടത്തും. 15ന് രാവിലെ 8.45ന് പ്രഭാത പ്രാർഥനയും അതേതുടർന്ന് വികാരി റവ.ഫാദർ തോമസ് കോരയുടെ കാർമ്മികത്വത്തിൽ വി. ബലി അർപ്പണവും നടക്കും. 11.30 ന് വിശ്വാസികൾ നിരനിരയായി ക്രമീകരിച്ച് ഭക്തിനിർഭരമായി നടത്തപ്പെടുന്ന റാസ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

തുടർന്ന് നടക്കുന്ന സൺഡേ സ്കൂൾ വാർഷികാഘോഷ ചടങ്ങുകൾക്ക് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ (ഓൺലൈൻ വഴി) നേതൃത്വം നൽകും. നമ്മുടെ ജീവിത പ്രതിസന്ധികളിൽ സാന്ത്വനമേകുന്ന പരിശുദ്ധ ദൈവമാതാവിന്റെ മഹാമധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹിതരാകുവാൻ ഏവരേയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാദർ തോമസ് കോര അറിയിച്ചു.

വികാരിക്ക് പുറമെ, സെഖറിയ കുരുവിള (വൈസ് പ്രസിഡന്റ്), മിഥുൻ മത്തായി (ട്രസ്റ്റി), ബിബിൻ വർഗീസ് (സെക്രട്ടറി), എബി അബ്രഹാം, ടോജിൻ പോൾ, സുനിൽ ജേക്കബ് (കമ്മറ്റിയംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്കായുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.