റിയാദ് – സൗദിയില്‍ വനിതകള്‍ക്കു മാത്രമായി നിലവില്‍ വന്ന ആദ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി ആപ് വന്‍ വിജയമാകുന്നു. ഈ ആപ്പിനു കീഴില്‍ ഡ്രൈവര്‍മാരായി പുരുഷന്മാര്‍ ജോലി ചെയ്യുന്നതിനും പുരുഷ ഉപയോക്താക്കള്‍ ടാക്‌സി സേവനം പ്രയോജനപ്പെടുത്തുന്നതിനും വിലക്കുണ്ട്. ടാക്‌സി ഡ്രൈവര്‍മാരും യാത്രക്കാരും വനിതകളാണ്.
ഇത് വനിതകള്‍ക്കു മാത്രമായുള്ള ആപ്പ് ആണെന്ന് ലേഡീസ് ഓണ്‍ലി ഓണ്‍ലൈന്‍ ടാക്‌സി ആപിനു കീഴില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സൗദി യുവതി ഈമാന്‍ പറഞ്ഞു. ഇതില്‍ ജോലി ചെയ്യുന്നവര്‍ മുഴുവന്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ക്ക് ആപ്പില്‍ പ്രവേശിക്കാനും രജിസ്റ്റര്‍ ചെയ്യാനും സേവനം പ്രയോജനപ്പെടുത്താനും അനുമതിയില്ല.
വനിതകള്‍ക്കു മാത്രമുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് വിജയമാണ്. ജോലി സ്ഥലങ്ങളിലേക്ക് പോകാനും കുടുംബ കാര്യങ്ങള്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും പുറത്തു പോകാനും വനിതകള്‍ക്കുള്ള ആവശ്യം കണക്കിലെടുത്താണ് പരിപൂര്‍ണ സ്വകാര്യത ഉറപ്പു വരുത്തുന്ന നിലക്ക് വനിതകള്‍ക്കു മാത്രമായി ഓണ്‍ലൈന്‍ ടാക്‌സി സേവനം നല്‍കുന്ന ആപ് ആരംഭിച്ചത്.