തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും ഓണ്‍ലൈനായി ക്ലാസുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യം ഇല്ലാത്തത് വലിയ പരിമിധിയാണ്. എന്നാല്‍ ഓണ്‍ലൈന്‍ സ്‌ക്കൂളുകളിലെ ലാപ്‌ടോപുകള്‍ ഉപയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കണം. സ്‌ക്കൂളുകളിലെ ഉപകരണങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഇന്ന് കേരളത്തില്‍ ഒരു ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്, മലപ്പുറം വളാഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവികയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുന്നതിനായി സ്മാര്‍ട്ട്‌ഫോണോ ടിവിയോ ഇല്ലാത്തതില്‍ മനം നൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ര്ക്ഷിതാക്കള്‍ ആരോപിക്കുന്നു.
തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിഷയത്തില്‍ വിദ്യഭ്യാസമന്ത്രി പ്രതികരണം തേടിയിട്ടുണ്ട്. മലപ്പുറം ഡി.ഡി.ഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ‘ഞാന്‍ പോകുന്നു’ എന്ന് മാത്രമാണ് ഇതില്‍ എഴുതിയിരിക്കുന്നത്.
പണമില്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ കഴിയാത്തതും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൂലിപണിക്കാരനായ അച്ഛന് രോഗബാധയെ തുടര്‍ന്ന് പണിക്ക് പോകാന്‍ കഴിയാറില്ല. ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നു. എന്നാല്‍ ഓണ്‍ലൈനായി ക്ലാസ് തുടങ്ങിയതോടെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലേയെന്ന ആശങ്കയിലായിരുന്നു.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും അതില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ സൗകര്യം ഒരുക്കാത്തതില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. സംഭവത്തില്‍ എംഎസ്‌എഫ് ഡിഡിഇ ഓഫീസ് ഉപരോധിച്ചിരുന്നു. അംഗന്‍വാടി,വായനശാല എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കി ആദിവാസി മേഖലയില്‍ നിന്നുളള കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കാനുളള സൗകര്യം ഒരുക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിലും നടപടിയായിട്ടില്ല.