സ്വാതന്ത്ര്യ ദിനം വ്യത്യസ്തമാക്കാന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി സൈക്കിള്‍ പര്യടനമാണ് ഐടിബിപി ആരംഭിച്ചത്. ഏഴുദിവസം നീണ്ടു നില്‍ക്കുന്ന യാത്ര നാഥു ലാ ചുരത്തില്‍ നിന്നുമാണ് ആരംഭിച്ചത്. യാത്ര സ്വാന്ത്ര്യദിനത്തിന്‌റെ അന്ന് രാവിലെ സിലിഗുരിയില്‍ സമാപിക്കും. 225 കിലോമീറ്ററാണ് ഐടിബിപി സേനാംഗങ്ങള്‍ ഏഴു ദിവസംകൊണ്ട് പൂര്‍ത്തിയാക്കുന്നത്.
അമൃത മഹോത്സവം എന്ന് പേരിട്ടിരിക്കുന്ന ദേശീയ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഫിറ്റ് ഇന്ത്യാ സന്ദേശവും പകരുക എന്നതാണ് ഐടിബിപി ഉദ്ദേശിക്കുന്നത്. ഐടിബിപിയുടെ 48-ാം ബറ്റാലിയനാണ് ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലുള്ളത്. ഒരു സംഘം സൈക്കിള്‍ പര്യടനം നടത്തുമ്ബോള്‍ മറ്റുള്ളവര്‍ മെഡിക്കല്‍ ക്യാമ്ബുകളും കൊറോണ ബോധവല്‍ക്കരണ പരിപാടികളുമാണ് ആസൂത്രണം ചെയ്യ്തിട്ടുള്ളത്. ഇതിനൊപ്പം വൃക്ഷം നടീല്‍ പരിപാടികളും പൊതുസമൂഹവുമായി ചേര്‍ന്ന് നടത്തും.
1962 ഒക്ടോബര്‍ 24നാണ് ചൈനയുടെ ആക്രമണത്തിന് പിന്നാലെയാണ് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് രൂപീകരിക്കപ്പെട്ടത്. നാലു ബറ്റാലിയനായി തുടങ്ങിയ അര്‍ദ്ധസൈനിക സേനാവിഭാഗം നിലവില്‍ 56 ബറ്റാലിയനുകളിലായി 90,000 പേരുടെ വിശാല സേനയാണ്. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനാ അതിര്‍ത്തികളിലെല്ലാം ഐടിബിപിയെയാണ് വിന്യസിച്ചിട്ടുള്ളത്.