തിരിച്ചുള്ള യാത്രയിൽ ഞങ്ങളുടെ ചുണ്ടുകളിൽ മൗനം മുദ്ര വച്ചിരുന്നു.
കാറിന്റെ പിൻ സീറ്റിൽ രണ്ടു സൈഡുകളിലായി പുറത്തേക്കു നോക്കി ഇരുന്നു രണ്ടപരിചിതരെ പോലെ.
പെട്ടെന്നാണ് തന്റെ ചിന്തകളെ മുറിച്ച് അവളുടെ ചോദ്യം.
ഇനി എങ്ങോട്ടാ?
ഞാൻ അവളെ സൂക്ഷിച്ചു നോക്കി. ഇവൾക്കെന്തു പറ്റി.
മനസ്സു വായിച്ചതു പോലെ അവൾ പറഞ്ഞു.
നോക്കണ്ട. പറ്റിയത് നിനക്കാണ്. എനിക്കല്ല..
ഇന്നു ഞാൻ കണ്ട നിന്നെ ഞാൻ അറിയില്ല.
ഇപ്പോൾ കാര്യം മനസ്സിലായി.
സൂര്യൻ തന്റെ യാത്ര അവസാനിക്കാറായി എന്നറിയിച്ചു വെയിൽ നാളങ്ങളെ തന്നിലേക്ക് ചുരുക്കിയിരിക്കുന്നു.
ശരി. നമുക്കൽപ്പ നേരം ഇവിടെ പുൽപ്പരപ്പിൽ ഇരുന്നിട്ടു പോകാം..വഴിയരികിൽ നദിയുടെ തീരത്തെ മനോഹരമായ പുൽത്തകിടി കണ്ടപ്പോൾ ഞാൻ പറഞ്ഞു.
അവൾ ഒന്നും പറഞ്ഞില്ല.
വണ്ടിയിൽ നിന്നിറങ്ങി ആ പുൽത്തകിടിയിൽ നദിക്കരയിൽ തണുത്ത കാറ്റ് ഉമ്മ വച്ചപ്പോൾ അവളോടു പറഞ്ഞു.
നീ പറഞ്ഞത് ശരിയാണ്. ഇന്നു നീ കണ്ട ഞാൻ അപരിചിതയാണ്.
ചിലപ്പോഴൊക്കെ എനിക്കു പോലും ഞാൻ പരിചയമില്ലാത്തവൾ ആണ്.
അവൾ എന്റെ മുഖത്തേക്ക് നോക്കിയിട്ടു പറഞ്ഞു. ഇതു പറയാനാണോ ഇവിടെ ഇറങ്ങിയത്.
അല്ല..ചിലതു പറയാൻ..
അവൾ ഒന്നും പറഞ്ഞില്ല. എങ്കിലും എനിക്കറിയാം പരിഭവം മാറിയിട്ടില്ല എന്ന്.
കേട്ടു കഴിയുമ്പോൾ ഒക്കെ മാറും.
ഞാൻ എവിടെ തുടങ്ങണം എന്നറിയാതെ ആലോചിച്ചു.
അവൾ പറഞ്ഞു നാഴികയ്ക്ക് നാൽപ്പതു വട്ടം എന്നപോലെ നീ പറഞ്ഞു, ഞാനറിയാത്ത അറിയരുതാത്ത ഒന്നും നിനക്കില്ലെന്ന്.
എന്നിട്ടിന്ന്..ഞാനും ഒന്നും അല്ല എന്ന് മനസ്സിലായി..
എടീ ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം.
അതു കഴിഞ്ഞ് നീ പറയുന്ന പോലെ.
മ്ം അവൾ തലയാട്ടി.
നീയും അയാളും തമ്മിൽ ഞാനറിയാത്ത എന്തു ബന്ധം. ഒരിക്കൽ നീ എന്നോടു പറഞ്ഞിരുന്നു നിന്റെ മനസ്സ് കീഴ്പ്പെടുത്തിയ സുഹൃത്തിനെ കുറിച്ച്. വിശദമായി പിന്നീട് പറയാം എന്നു പറഞ്ഞതല്ലാതെ പിന്നെ ഒന്നും കേട്ടില്ല.
എങ്ങനെ ആണ് അയാളെ കണ്ടുമുട്ടിയത്?
ഞാൻ അയാളെ ആദ്യമായി കണ്ടത് ..എന്റെ കണ്ണുകളിൽ ആ കാഴ്ച തെളിഞ്ഞു.
വർഷങ്ങൾക്കു മുൻപ് മൂകാംബിക പോയപ്പോഴാണ്.
ഞങ്ങൾ കുറെ ആൾക്കാർ ഉണ്ടായിരുന്നു.
നല്ല തെളിഞ്ഞ പ്രഭാതം. രാവിലെ ദേവിയെ തൊഴാൻ അമ്പലത്തിലേക്ക്.
നല്ല കസവു മുണ്ടും നേര്യതും വേഷം. മുടിയിൽ മുല്ലപ്പുവ്.
പൊട്ടുമാത്രം ഇല്ല.
എടുത്തു വച്ചു.. പക്ഷേ നെറ്റിയിൽ വയ്ക്കാൻ മറന്നു
ആദ്യമായി അമ്മയെ കാണാൻ പോകുകയാണ്.
വർഷങ്ങളായി മനസ്സിൽ താലോലിച്ചിരുന്ന ഒരാഗ്രഹം സഫലമാകാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ.
ഒരു വിധം നല്ല തിരക്കുണ്ടായിരുന്നു.
തിക്കിതിരക്കി തൊഴുത് ചുറ്റി വരാൻ നോക്കുമ്പോഴാണ് കണ്ടത്, എന്നെതന്നെ നോക്കിനിൽക്കുന്ന ഒരാൾ.
അയാളുടെ മുഖത്തു നിന്നും കണ്ണ് മാറ്റാൻ കഴിഞ്ഞില്ല.
അയാൾ ഒരു ചെറു പുഞ്ചിരിയോടെ ആംഗ്യ ഭാഷയിൽ കാണിച്ചു പൊട്ടില്ല, പൊട്ടു വയ്ക്കൂ എന്ന്.
അയാളെ തന്നെ നോക്കി നിന്നതിനാൽ ഞാൻ മറ്റൊന്നും കണ്ടില്ല.
അയാൾ പതിയെ അടുത്തേയ്ക്കു വന്നിട്ടു പറഞ്ഞു
ഒഴിഞ്ഞ നെറ്റിത്തടവുമായി അമ്മയെ കാണാൻ വരാൻ പാടില്ല. അതാ അവിടെ കുങ്കുമം ഉണ്ട് അണിയു .
അപ്പോഴേക്കും മുന്നേ പോയവർ പറഞ്ഞു, നീ അവിടെ എന്തെടുക്ക്വാ. വേഗം വരൂ.
തിടുക്കത്തിൽ സിന്ദൂരം തൊട്ട് തിരിഞ്ഞുനോക്കുമ്പോൾ അയാളെ കണ്ടില്ല. നിമിഷങ്ങളുടെ ഇടവേളകളിൽ തിരിഞ്ഞു നോക്കാതിരിക്കാനും കഴിഞ്ഞില്ല.
അതാ അയാൾ അവിടെ ഉണ്ട്.
അയാൾ ചെറിയ ചിരിയോടെ വീണ്ടും ആംഗ്യം കാണിച്ചു. നന്നായിട്ടുണ്ട് എന്ന്.
തൊഴുതിറങ്ങുമ്പോഴും കണ്ണിൽ മായാതെ നിന്നത് അയാളായിരുന്നു.
ഇരു നിറത്തിലും അല്പം കൂടി കളറുണ്ട്. നല്ല ഉയരം നീട്ടി വളർത്താതെ വെട്ടി നിർത്തിയ താടി, മെലിഞ്ഞ മുഖത്ത് ആ താടി വളരെ ഭംഗിയുള്ളതായിരുന്നു.
വിടർന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ആകർഷകമായ മുഖം.
ഹോട്ടലിൽ തിരിച്ചെത്തി കാപ്പികുടി കഴിഞ്ഞ് കുടജാദ്രിയിലേക്ക് പോകുമ്പോഴും അയാളായിരുന്നു മനസ്സിലും ചിന്തയിലും.
കുടജാദ്രി എത്തുമ്പോൾ അയാൾ അവിടെ.
ആ മിഴികൾ എന്നെയാണോ ഞാൻ അയളെ ആണോ പിൻതുടർന്നതെന്നറിയില്ല. അതോ രണ്ടു പേരും.
ഒന്നും പറയാതെ ഒരു പാടു കാര്യങ്ങൾ പറഞ്ഞു.
മടങ്ങി വീടെത്തിയിട്ടും ദിനരാത്രങ്ങൾ അതിന്റെ സഹജമായ ഒഴുക്കിൽ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുമ്പോഴും അയാൾ എന്നോടോപ്പം തന്നെ ഉണ്ടായിരുന്നു.
ആരാണ് എന്താണ് ഇനി കാണാനാകുമോ? അങ്ങനെ നൂറു ചോദ്യങ്ങൾ തലച്ചോറ് ഉന്നയിച്ചിട്ടും മനസ്സതൊന്നും കേട്ടില്ല.
എന്നോടൊപ്പം ഉള്ള ഒരാളിനെ എന്തിനു തിരയണം..അതായിരുന്നു മനസ്സിന്റെ ഉത്തരം.
അവൾ ചോദിച്ചു.
അപ്പോൾ നീ കുടുംബത്തിൽ പ്രശ്നങ്ങൾക്കു തിരികൊളുത്തി..
ഏയ് ഇല്ലെടി.. ഭർത്താവും മക്കളും ജീവിതത്തിന്റെ ഭാഗമല്ലെ?
ജീവിതത്തിന്റെ അച്ചുതണ്ടിൽ എനിക്കു ചുറ്റിനും കറങ്ങുന്ന അവരെ എനിക്കെങ്ങനെ മറക്കാനാകും.
ഒന്നും മനസ്സിലാകാതെ എന്നെ തുറിച്ചു നോക്കുന്ന അവളെ നോക്കി ഞാൻ വീണ്ടും തുടർന്നു.
പിന്നീട് ഒരു ഉൾ വിളി പോലെ വീണ്ടും മുകാംബികയിൽ പോകണം എന്നു തോന്നി.
ഒരു പക്ഷേ അയാളെവീണ്ടും കണ്ടാലോ?
ഇത്തവണ ഭർത്താവിന്റെ വീട്ടിലെല്ലാവരും കൂടിയാകാം യാത്ര എന്ന് ഭർത്താവ് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായി.
രണ്ടു ദിവസം അവിടെ താമസിക്കണം.. കഴിഞ്ഞ പ്രാവശ്യം സൗപർണ്ണികയിൽ കുളിക്കാൻ പറ്റിയില്ല. എന്ന് താൻ പറഞ്ഞപ്പോൾ എല്ലാവരും സമ്മതം മൂളി.
അങ്ങനെ ഒരുവർഷത്തിനു ശേഷം വീണ്ടും…
മനസ്സിൽ പെരുംമ്പറ കൊട്ടുകയായിരുന്നു.
ഒരു പതിനേഴുകാരിയുടെ മനസ്സിന്റെ ചാഞ്ചല്യം ആയിരുന്നു.
മൂകാംബിക എത്തിയതു മുതൽ അയാളെ തിരയുകയായിരുന്നു കണ്ണുകൾ. സൗപർണ്ണിലയിലേക്കാകാം ആദ്യയാത്ര എന്ന് തീരുമാനിക്കുമ്പോൾ ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു അയാളെ കാണാനാകും എന്ന്.
സൗപർണ്ണികയുടെ തീരത്ത് എന്നെയും കാത്തെന്നപോലെ അയാളുണ്ടായിരുന്നു.
ആഗ്രഹിച്ചിരുന്ന കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ എന്റ മനസ്സ് തുള്ളിച്ചാടി..
എല്ലാവരും വെള്ളത്തിലിറങ്ങിയപ്പോഴും താൻ അയാളെയും നോക്കി അവിടെ ഇരുന്നു.
ഭർത്താവും കുട്ടികളും നിർബന്ധിച്ചപ്പോൾ അയാൾ കണ്ണുകളാൽ അനുവാദം തന്നപോലെ തോന്നി.
പിന്നീടുള്ള രണ്ടു ദിവസങ്ങളിലും അയാൾ എന്നെയും ഞാൻ അയാളെയും പിൻതുടരുകയായിരിന്നു..
എന്റെ കണ്ണുകൾ ആ കാഴ്ചകളിലേക്ക് മടങ്ങുമ്പോൾ അവൾ ഓർമ്മപ്പെടുത്തി..
നേരം വൈകുന്നു.
ഞാൻ വീണ്ടും പറഞ്ഞുതുടങ്ങി..
ഞാൻ അയാളോട് പേര് ചോദിച്ചു. പേരു പറഞ്ഞു.
ആദിത് കൃഷ്ണൻ. ആദിയെന്നു വിളിപ്പേര് .
ഞാൻ പേരു പറയാൻ തുടങ്ങിയപ്പോൾ പറഞ്ഞു, പേര് അമല, ആമി എന്ന് വിളിപ്പേര്, ജോലി അദ്ധ്യാപിക, വിവാഹിത, രണ്ടു കുട്ടികൾ.
ഞാൻ അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ പറഞ്ഞു ആമി വായടയ്ക്കൂ, പൊയ്ക്കൊള്ളു. മുൻപേ പോയവർ അന്വേക്ഷിച്ചു വരും..
ഇതൊക്കെ എങ്ങനെ?
ആദി… ഞാൻ ആ പേര് ഉരുവിട്ടു..
മറ്റൊന്നും എനിക്കറിയില്ല.
ആമി.. ഞാൻ ഒരന്യൻ ആണ്. എന്നെ കൂടുതൽ ആറിയേണ്ടതില്ല.. അത് നല്ലതല്ല. പൊയ്ക്കോളു.
ഞാൻ വീണ്ടും വായ തുറന്നപ്പോഴേക്കും ശേഖർ, എന്റെ ഭർത്താവു നീട്ടി വിളിക്കുന്നതു കേട്ടു. നീ അവിടെ എന്തെടുക്കുന്നു. വേഗം വരൂ.
മനസ്സ് ആദിയിൽ ഉപേക്ഷിച്ച് മുന്നോട്ടു നടന്നു.
പിന്നെ പോരും വരെ പലതവണ കണ്ടെങ്കിലും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
തിരികെ വരുമ്പോൾ അടുത്തെത്തി ഞാൻ പറഞ്ഞു.
ഇതൊരു നിയോഗമാണ്. നമുക്ക് കാണാതിരിക്കാൻ ആവില്ല.
ആദി ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു.
പിന്നെ നീ എവിടെ ആണ് അയാളെ കണ്ടത്?
മീര ആകാംഷയോടെ ചോദിച്ചു.
ഞാൻ ആ ദിവസങ്ങളിലേക്ക് യാത്രയായി.
മാസങ്ങൾക്കുശേഷം.. തിരുവനന്തപുരത്ത്.
നിന്നെത്തേടി വന്നതാണോ? മീരയ്ക്ക് ആകാംഷ അടക്കാൻ കഴിഞ്ഞില്ല.
അല്ല. കനകക്കുന്ന് കൊട്ടാരത്തിൽ ഒരു ചിത്ര പ്രദർശനം ഉണ്ടായിരുന്നു.
വെറുതെ കൂടെ ഉള്ള ഒരു ടീച്ചറിന്റെ കൂടെ ചിത്ര പ്രദർശനം കാണാൻ പോയതാണ്.
ആ ചിത്ര പ്രദർശനത്തിലെ ഒരു ചിത്രം എന്നെ അവിടെ പിടിച്ചു നിർത്തി..
ഹേമ ടീച്ചർ പറഞ്ഞു. നോക്കു ഈ ചിത്രം ആമിയെപ്പോലെ ഉണ്ട്..അന്ന് എന്റെ വിവരങ്ങൾ ആദിയിൽ നിന്നു കേട്ടപ്പോൾ എന്റ മുഖത്തും കണ്ണുകളിലും നിറഞ്ഞ ഭാവം..
അപ്പോൾ.. ആദി.. ഞാനറിയാതെ ശബ്ദം പുറത്തുവന്നു.
ഹേമ ടീച്ചർ പറഞ്ഞു. അതേ ചിത്രത്തിൽ അടിയിൽ കുറച്ചിരുന്ന പേര് ആദി..
ആമി അറിയുമോ ഈ ആളിനെ.
പെട്ടെന്നു പറഞ്ഞു. അറയില്ല. ഞാൻ ആ പേര് വായിച്ചതാണ്.
ഹേമ ടീച്ചറിനൊരു കാൾ വന്നു. ഹേമ ടീച്ചർ പറഞ്ഞു.
ആമി സോറി. നമുക്ക് നാളെ വരാം എനിക്കുടനെ പോകണം.
സാരമില്ല. ടീച്ചർ പൊയ്ക്കോളു. വന്നതല്ലേ. കുറച്ചു കൂടി നോക്കിയിട്ട് ഞാൻ വന്നോളാം.
വീണ്ടും തോന്നി നിയോഗം.. അതായിരിക്കാം വീണ്ടും തന്നെ ഇവിടെ എത്തിച്ചത്..
കണ്ണുകൾ അവിടെ ആകെ തിരയുകയായിരുന്നു ആദിയെ..
ആ ചിത്രത്തിലേക്ക് നോക്കി നിൽക്കുമ്പോൾ തൊട്ടു പിറകിൽ ഒരു നിശ്വാസത്തിന്റെ ചൂടറിഞ്ഞു.
തിരിഞ്ഞു നോക്കി.. അതേ ആദി ..എന്റെ ഹൃദയത്തിന്റെ ഉടമ..സ്വപ്നങ്ങളുടെ കാവൽക്കാരൻ..
ആ നെഞ്ചിലേക്കു ചായണം എന്നു തോന്നി.
എങ്കിലും പറ്റില്ലല്ലോ?
ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞില്ലെ അന്ന് ഇത് നിയോഗമാണ്. നമ്മൾ ഇനിയും കാണും എന്ന്.
അദ്ദേഹം അതു ശരി വച്ചു.
എന്നോടു പറഞ്ഞു ആമിയെ ഇവിടെ പ്രതീക്ഷിച്ചില്ല.
ചിത്രകല ഇഷ്ടമാണോ?
ആദി ഇഷ്ടപ്പെടുന്നതെന്തും.
ഞാൻ മറുപടി പറഞ്ഞു.
ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. ഒപ്പം നിരാശയും.
ആമി.. ആ വിളിയിൽ ഈ പ്രപഞ്ചത്തിലെ മുഴുവൻ സ്നേഹവും ആർദ്രതയും നിറഞ്ഞിരുന്നു.
നിനക്ക് തിരക്കില്ലെങ്കിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ നമുക്കൊന്നു നടന്നാലോ.
എവിടേക്ക്. ഞാൻ ചോദിച്ചു.
നീ പറയൂ. എവിടെയെങ്കിലും കംഫോർട്ടബിൾ ആയിടം.
കുറച്ചു സംസാരിക്കാൻ പറ്റിയ ഇടം.
വരു, നമുക്ക് ശംഖുമുഖം ബീച്ചിലേക്ക് പോകാം..
എനിക്കേറെ ഇഷ്ടമുള്ള സ്ഥലമാണ്.. ആ തീരത്ത് കടൽ കാറ്റേറ്റിരിക്കുമ്പോൾ ആദി പറഞ്ഞു തുടങ്ങി.
ആമി നീ പറഞ്ഞത് ശരിയാണ്. നിയോഗം അല്ലെങ്കിൽ എല്ലാം ഒരു നിമിത്തം.
നിനക്കെന്നെക്കുറിച്ചെന്തറിയാം..
ഞാൻ ആ മുഖത്തേക്ക് നോക്കി ആ ശബ്ദം ഉള്ളിലേക്കെടുക്കാൻ ശ്രമിക്കുകയായിരുന്നു.
പറയൂ. ആദി വീണ്ടും പറഞ്ഞു.
എനിക്കറിയാം നീ എന്നേക്കുറിച്ചറിയാൻ വഴിയില്ല.
ഞാൻ തന്നെ പറയാം.
ഞാൻ മംഗലാപുരത്ത് സ്ഥിരതാമസക്കാരൻ.
വീട്ടിൽ അച്ഛൻ അമ്മ. ഒരു സഹോദരി, താമസം കൊച്ചിയിൽ.
ജോലി ഉണ്ട്. ബാങ്കിൽ.
വിവാഹം. ഞാൻ ചോദിച്ചു.
അത് സ്വർഗ്ഗത്തിൽ നടക്കുന്നു എന്നല്ലെ.
പക്ഷ ഭൂമിയിൽ എത്തിയപ്പോഴേക്കും അവളെ മറ്റൊരാൾ സ്വന്തമാക്കി. അതും പറഞ്ഞയാൾ ഉറക്കെ ചിരിച്ചു.
അവൾ പോയാൽ മറ്റൊരാൾ. ഞാൻ പറഞ്ഞു.
നീ വിവാഹിതയാണ്, അമ്മയാണ്. എന്നിട്ടും എന്തിനാണ് എന്നെ തിരഞ്ഞു നടക്കുന്നത്.
എന്നോടൊരു മറു ചോദ്യം ചോദിച്ചു.
ഞാൻ പറഞ്ഞു, ഞാനും ഒരുപാടാലോചിച്ചതാണ്.
മൂത്ത കുട്ടിക്ക് വയസ്സ് 20, എനിക്ക് പ്രായം 45.
ഈ വയസ്സിൽ എന്തിനാണ് നിങ്ങൾ എന്നെയും ഞാൻ നിങ്ങളെയും പിൻ തുടരുന്നത്. ഇരവിലും പകലിലും ഉറക്കത്തിൽ പോലും എന്റെ ചിന്തകളിൽ എന്റെ ഹൃദയത്തിന്റെ ഉടമയായി എന്നോടൊപ്പം ചേർന്നത് എന്ന്.
ആദി പറഞ്ഞു. ഞാൻ പറഞ്ഞ, ഞാൻ സ്വർഗ്ഗത്തിൽ വച്ചു സ്വന്തമാക്കിയ ഭൂമിയിൽ എനിക്ക് നഷ്ടപ്പെട്ട ആ സുന്ദരി നീ ആയതിനാൽ.
ഞാനീ കാലമത്രയും തേടിനടന്ന കണ്ണുകൾ, മുഖം നിന്റേതായതിനാൽ..
കടൽ കാറ്റിന്റെ തണുപ്പേറ്റിട്ടും ആ വാക്കുകൾ എന്റെ ഉള്ളു പൊള്ളിച്ചു..
കൈ കോർത്തു പിടിച്ച് രണ്ട് ഇണക്കുരുവികൾ ഞങ്ങൾക്കു മുന്നിലൂടെ നടന്നു പോയി.
കടൽ കരയിൽ തിരക്കേറി വരുന്നതേ ഉള്ളു.
പരസ്പരം നോക്കി ചിന്തകളിൽ സ്വയം നഷ്ടപ്പെട്ടവരായി ഞങ്ങൾ.
ഞാൻ തന്നെ ചിന്തകളിൽ നിന്നും ആദ്യം മുക്തയായി.
അപ്പോൾ ഇനി..
ഇനി ഞാൻ നിങ്ങളെ ഓർക്കരുതെന്നു പറയാനാണോ ഇവിടേക്ക് വന്നത്.
ആദി പറഞ്ഞു അല്ല. എനിക്കിനി നിന്നിൽ നിന്നൊരു തിരിച്ചു പോക്കില്ല എന്ന് പറയാൻ.
ഒപ്പം ചിലകാര്യങ്ങൾ അറിയാനും.
എന്ത് എന്ന് എന്റെ കണ്ണുകൾ ചോദിച്ചു.
ഞാൻ സ്വതന്ത്രൻ ആരോടും മറുപടി പറയേണ്ടതില്ല.
ബട്ട് നീ..
അറിയാം. ഞാൻ എന്റെ കടമകൾ നിർവഹിക്കുന്നു ഭംഗിയായി..
ആദിയോടുള്ള വികാരം നിങ്ങളെക്കറിച്ചുള്ള ചിന്തകളിൽ പോലും ഞാൻ അനുഭവിക്കുന്ന സംതൃപ്തി ..അതൊരിക്കലും ഒരു രതിഭാവത്തിന്റെ സങ്കലനം അല്ല..
അതിനും അപ്പുറം ആത്മാവിലുണ്ടാകുന്ന ഒരു വികാരം..
എനിക്കു മനസ്സിലാകും..
ആദി..
ഭൂമിയിൽ ഒരു പെണ്ണു നഷ്ടപ്പെട്ടാൽ പകരം എത്രയോ പേർ ഉണ്ട് എന്നിട്ടും.. ഞാൻ ചോദ്യം പകുതിയിൽ നിർത്തി.
ഞാനെന്താണ് ആരെയും തിരഞ്ഞെടുക്കാഞ്ഞത് അല്ലെ?
ഞാൻ അതേ എന്ന് തലയാട്ടി.
എല്ലാവരും ഒരുപാടു നിർബന്ധിച്ചു, ചിലരൊക്കെ പ്രണയം പറയുകയും കാത്തിരിക്കുകയും ചെയ്തു.
ആരും എനിക്കുള്ളതല്ല എന്ന് മനസ്സ് പറഞ്ഞു.
ഒടുവിൽ അമ്മ പറഞ്ഞു നിനക്കിഷ്ടമായാൽ ആരെ വേണമെങ്കിലും കൂടെ കൂട്ടു എന്ന്.
ഒടുവിൽ ദേവൻ മാമയാണ് ഒരു പരിഹാരം നിർദ്ദേശിച്ചത്.
ദേവൻ മാമ മൂകാംബിക ദേവിയുടെ തികഞ്ഞ ഭക്തൻ ആയിരുന്നു. മാസത്തിൽ ഒരിക്കൽ മൂകാംബികയെ തൊഴൽ പതിവായിരുന്നു.
എന്നോടു പറഞ്ഞു, നീ എന്നോടൊപ്പം വരിക, ആ അമ്മയുടെ മുന്നിൽ വച്ച് ഏതു പെണ്ണ് നിന്റെ മനസ്സു കീഴടക്കുന്നുവോ അവൾ നിനക്കുള്ളവളാകും.
അങ്ങനെ അതൊരു ജീവിത ചര്യ പോലെ ആയി.
ഒരു പെൺകുട്ടിയും മനസ്സിലേക്കെത്തിയില്ല..
ഈ രണ്ടു കണ്ണുകളുടെ ഉടമ അല്ലാതെ.
അത് കണ്ടെത്തിയപ്പോൾ ഉറപ്പിച്ചു ഭൂമിയിൽ എനിക്കു നഷ്ടമായ എന്റെ സ്വർഗ്ഗം അതു നീ ആണെന്ന്.
നിന്നെ കുറച്ചറിഞ്ഞപ്പോൾ ദേവിയോടു പ്രാർത്ഥിച്ചു ഇനി ഒരിക്കലും നേരിൽ കാണരുതെ എന്ന്.
എന്നാൽ നമ്മൾ വീണ്ടും വിണ്ടും കണ്ടുമുട്ടി.
നമുക്ക് നമ്മളായി തുടരാം..
കാണണം എന്നുതോന്നുമ്പോൾ കാണുക..
ഇനി നീ ഇല്ലാത്ത ലോകം എനിക്കില്ല .. ഞാൻ പറഞ്ഞു.
എപ്പോഴോ പിരിഞ്ഞുപോയ കൈവഴികൾ ഇനി ഒന്നായ് ഒഴുകട്ടെ.
മടക്കയാത്രയിൽ പറഞ്ഞു രണ്ടു ദിവസം കൂടി ഞാനിവിടെ ഉണ്ടാകും..
അതുകഴിഞ്ഞാൽ? ഞാൻ ചോദിച്ചു.
ഒരു വിളിക്കപ്പുറത്ത്. ആദി നമ്പർ തന്നു.
തിരികെ വീടെത്തുമ്പോൾ പതിവിലും ഉൻമേഷമായിരുന്നു.
അടുത്ത രണ്ടു ദിവസങ്ങളിലും ഞങ്ങൾ കണ്ടു. ഒരുപാടു നേരം ഒരുമിച്ചിരുന്നു. ഞാൻ അദ്ദേഹത്തിന്റെ സ്വർഗ്ഗത്തിൽ തീരുമാനിച്ച കൂട്ടുകാരി ആയി.
ചിത്ര പ്രദർശനം കഴിഞ്ഞു പോകുമ്പോൾ ഏറെ പ്രശംസ നേടിയ ആ ചിത്രം സമ്മാനമായി തന്നു.
പിന്നെ നീ വീണ്ടും അയാളെ കണ്ടു അല്ലെ.
മീര ചോദിച്ചു.
വെയിൽ നാളങ്ങൾ തീവ്രത കുറഞ്ഞ് മറയാൻ തുടങ്ങിയിരുന്നു.
മ്ം . പലതവണ. കാണാതിരിക്കാനും മിണ്ടാതിരിക്കാനും പറ്റുമായിരുന്നില്ല ഞങ്ങൾക്ക്.
നീ വീണ്ടും മൂകാംബികയിലാണോ കണ്ടത്.
അല്ല. മൂന്നു മാസത്തിൽ ഒരിക്കൽ ആദി തിരുവനന്തപുരത്ത് വന്നു.
ചിലപ്പോഴൊക്കെ ചത്രപ്രദർശനവുമായി. ആദി അന്നേ തന്റെ ചിത്രങ്ങളിലൂടെയും സാമൂഹികപ്രവർത്തനങ്ങളിലൂടെയും അറിയപ്പെട്ടിരുന്നു.
ബീച്ചിലോ റസ്റ്റോറന്റിലോ ഞങ്ങൾ കണ്ടുമുട്ടി.
ഞങ്ങളുടെ ബന്ധത്തിലൊരിക്കലും രതിയുടെ ഭാവങ്ങൾ കടന്നുവന്നില്ല.
ഞങ്ങൾ സ്നേഹിച്ചത് ആത്മാവുകൾ കൊണ്ടായിരുന്നു.
മണിക്കൂറുകൾ സംസാരിച്ചിരുന്നു. കണ്ണുകളിൽ നോക്കി പരസ്പരം നഷ്ടപ്പെട്ടവരായി.
വർഷവും വേനലും മഞ്ഞും തണണപ്പും ശിശിരവും വസന്തവും എല്ലാം മാറിമാറി കാലചക്രം തിരിഞ്ഞുകൊണ്ടേ ഇരുന്നു.
അങ്ങനെ മകളും മകനും വിവാഹിതരായി.
എനിക്കു തോന്നി ഈ ലോക ജീവിതത്തിലെ എന്റെ കടമകൾ കഴിഞ്ഞിരിക്കുന്നു.
ഇനിയുള്ള കാലം എന്റ ഹൃദയത്തിന്റ ഉടമയ്ക്കു വേണ്ടി ആകണം എന്ന്.
അപ്പോൾ നിന്റെ ശേഖർ…
അതായിരുന്നു ഒരു വിഷമം. ഒരിക്കലും എന്റെ മനസ്സു കീഴടക്കാനോ എന്നിൽ അവകാശം സ്ഥാപിക്കാനോ ശ്രമിക്കാത്ത ആൾ.
ജീവിച്ചിരുന്ന നാൾവരെയും എന്നെ ഒരു വിധത്തിലും വിഷമിപ്പിക്കാതെ എല്ലായ്പോഴും താങ്ങായ് നിന്ന ആൾ.
എനിക്കദ്ദേഹത്തെ വിട്ടു പോകാനും കഴിയില്ലായിരുന്നു.
പിന്നെ നീ എങ്ങനെ?..
ആദിയും പറഞ്ഞു നിനക്കൊരിക്കലും അതിനു കഴിയില്ല..
ശ്രമിക്കുകയും അരുത്.
രണ്ട് ഇഷ്ടങ്ങളുടെ ഇടയിൽ ഞാൻ എരിഞ്ഞടങ്ങുകയായിരുന്നു.
ആദിയെന്നെ സമാധാനിപ്പിച്ചു.
എനിക്ക് നിന്നെ അറിയാം നിനക്കെന്നെയും.
നമ്മൾ ഇതുവരെ എങ്ങനെ ആയിരുന്നോ അതു പോലെ ഇനിയും തുടരും.
അപ്പോൾ നിനക്ക് നിന്റെ ശേഖറിനോടുണ്ടായിരുന്നത് എന്തു മനോഭാവം ആയിരുന്നു? മീര വീണ്ടും ചോദിച്ചു.
നീ അയാളെ സ്നേഹിച്ചിരുന്നില്ലെ?
ഒറ്റ വാക്കിലോ വാചകത്തിലോ ഉത്തരം പറയാവുന്ന ചോദ്യം ആയിരുന്നില്ല.
ഇരുപത്തിയെട്ടു വർഷങ്ങൾ ഒരുമിച്ചുണ്ടായിരുന്നവർ..
ഭർത്താവ്, ആ ഇരുപത്തിയെട്ടു വർഷങ്ങളിൽ ഇരുണ്ടതും വെളുത്തതും ആ സാന്നിധ്യത്തിൽ..
എന്നിട്ടും ഒരിക്കൽ പോലും ആദിയോടുണ്ടായിരുന്ന ഒരു നഷ്ടപ്പെടീലിന്റെ മനോവ്യഥ ഉണ്ടായില്ല ആ ബന്ധത്തിന്.
വിവാഹം എന്ന ഒരു കരാറിലൂടെ ഒപ്പം കഴിഞ്ഞവർ.
ഒരിക്കലും എന്റെ ആത്മാവിന്റെ ഭാഗമാകാൻ ശേഖറിനായില്ല. അല്ലെങ്കിൽ എന്റെ അവബോധ മനസ്സ് അത് സമ്മതിച്ചില്ല..
അത് ആദിയെ നീ കണ്ടതു തൊട്ടല്ലെ? മീര ചോദിച്ചു.
അല്ല ഒരിക്കലുമല്ല. ആദിയെ ഞാൻ കണ്ടെത്തിയത്
ഞാൻ ശേഖറിനോടൊപ്പം കൂടിയതിന്റെ ഇരുപത്തി ഒന്നാം വർഷത്തിലായിരുന്നു.
ആ വർഷങ്ങളിലൊന്നും ശേഖർ എന്റെ ആത്മാവിന്റെ ഭാഗമായില്ല.
ഞാൻ തേടുകയായിരുന്നു..മറ്റുള്ളവരുടെ കാഴ്ചയിൽ എല്ലാം തികഞ്ഞവൾ..പക്ഷ മനസ്സ് ഒരിക്കലും ശാന്തമല്ലായിരുന്നു.
അതിനാലാണ് ഒരേ ഒരു നോട്ടത്തിൽ തന്നെ ആദിയുടെ കണ്ണുകൾ ഞാൻ തിരിച്ചറിഞ്ഞത്.
അയാൾ എന്റെ ഹൃദയത്തിന്റെ ഉടമയായതും, സ്വപ്നങ്ങളുടെ കാവൽക്കാരനായതും ആത്മാവിന്റെ ഭാഗമായതും.
തണുത്ത കാറ്റ് മുടിയിഴകളെ തഴുകി കടന്നു പോയി.
ഒരുകൂട്ടം കൊറ്റികൾ മനോഹരമായ പാറ്റേർണുകൾ ക്രമീകരിച്ച് പറന്നകലുന്ന കാഴ്ച, കണ്ണുകളിൽ ഉടക്കി നിന്നു.
വീണ്ടും ഞാൻ പറഞ്ഞു തുടങ്ങി.
ആത്മാവിലെ ദാരിദ്ര്യം അതെന്റെ ശരീരത്തെയും ബാധിച്ചിരുന്നു.
ശരീരവും ആത്മാവും ഒന്നു ചേരുമ്പോൾ മാത്രമേ രതിക്ക് പോലും പരിപൂർണ്ണതയുണ്ടാകു. അല്ലെങ്കിൽ എല്ലാം വെറും ആവശ്യം നിറവേറ്റൽ മാത്രമാകും.
മീര ഒന്നും മനസ്സിലാകാത്ത ഒരു കുട്ടിയെപ്പോലെ എന്നെ നോക്കിയിരുന്നു.
അങ്ങനെ ഇരിക്കെയാണ് ശേഖർ മരണത്തിന് കീഴടങ്ങിയത്.
പെട്ടെന്നുള്ള ആ മരണം ഒരു ഷോക്കായി. ഒന്നും പറയാതെ പെട്ടെന്ന് അതുവരെ കെട്ടി ആടിയ വേഷത്തിന്റെ ചായക്കൂട്ടുകൾ മാഞ്ഞു പോയതുപോലെ.
ഒന്നും ചെയ്യാനില്ല എന്നപോലെ ആയി. ആ വലിയ വീട്ടിൽ ശ്വാസം മുട്ടുന്നപോലെ.
മക്കൾ രണ്ടും അവരവരുടെ ജീവിതങ്ങളുമായിപ്പോയപ്പോൾ മുതൽ ചിന്തിച്ചതാണ് ശേഖറിനോടെല്ലാം പറയണമെന്ന്.
ഇതുവരെ മറ്റുള്ളവർക്കുവേണ്ടി കെട്ടിയാടിയ വേഷങ്ങൾ
ഇനി അവസാനിപ്പിക്കണം എന്ന്..
പക്ഷേ എങ്ങനെ?
ആദി പറഞ്ഞു. ശേഖർ ഒരു തെറ്റും ചെയ്തട്ടില്ല. അയാൾ നിന്നെ ബലമായി സ്വന്തമാക്കിയതല്ല.
വിവാഹം എന്ന മനോഹരമായ ചടങ്ങിലൂടെ സമൂഹത്തിന്റെ അംഗീകാരം നേടി ഒപ്പം കൂട്ടിയതാണ്.
ഇന്നുവരെയും അയാൾ നിന്നെ പരിപൂർണ്ണ മനസ്സോടെ കൂടെ നിർത്തി. സമൂഹം അനുശാസിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റി.
ഇനി നീ ഒഴിഞ്ഞു പോകാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞാൽ അത് എങ്ങനെ അദ്ദേഹത്തെ ബാധിക്കും അറിയില്ല.
അപ്പോൾ ഞാനോ? എന്റെ എല്ലാ ഇഷ്ടങ്ങളും മാറ്റി വച്ച്
അവർക്കു വേണ്ടി അല്ലെ ഇത്രയും നാൾ ജീവിച്ചത്.
ഞാനും എന്റ കടമകൾ നിർവഹിച്ചില്ലെ എല്ലാ അർത്ഥത്തിലും.
ഞാൻ വല്ലാതെ പ്രതിസന്ധിയിൽ ആയി. രണ്ടു പുരുഷൻമാർ. രണ്ടുപേരും എന്നെ ഏറെ സ്നേഹിക്കുന്നവർ..
ജോലിക്കു പോകുന്നതു മാത്രമായിരുന്നു ആശ്വാസം..
മക്കൾ അവരവരുടെ ജീവിതം കണ്ടെത്തിയാൽ പിന്നെയുള്ള ജീവിതം ആദിക്കുള്ളതാണെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അത് ഒരു നടപ്പിലാക്കാൻ എളുപ്പമല്ലാത്ത തീരുമാനം ആയിരുന്നു എന്നത് എന്നെ ഏറെ വിഷമിപ്പിച്ചു.
വീണ്ടും ജീവിതത്തെ മുന്നോട്ടു കൊണ്ടു പോയി..
അവൾ ചോദിച്ചു അപ്പോൾ നിന്റെ ഭർത്താവ് ഒന്നും അറിഞ്ഞിരുന്നില്ലെ ?
ഉവ്വ്, ഞാൻ
എന്നിട്ട്? അവളുടെ ആകാംഷ അതിരു കടന്നിരുന്നു.
ശേഖറിന്റെ മരണശേഷമാണ് എനിക്കത് മനസ്സിലായത്.
ഒരിക്കൽ ശേഖറിന്റെ ഡയറികൾ കണ്ടു.
ഒന്നും വായിക്കേണ്ട എന്നാണ് ആദ്യം കരുതിയത്.
അപ്പോഴാണ് ഒരു ഡയറി ഗോൾഡൻ കവറിട്ട് അതിനു മുകളിൽ ചുവന്ന മഷിയിൽ എഴുതിയിരുന്നത്.
എന്ത്? മീര
ഞാൻ ഒരു നിമിഷം നിശ്ശബ്ദയായി..
ആ ഡയറി വായിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധ ഓർത്തുപോയി.
എടീ എന്തായിരുന്നു അതിൽ. അവൾ വീണ്ടും ചോദിച്ചു.
ആദി എനിക്കാരായിരുന്നു എന്ന് വളരെ മുൻപെ തന്നെ അറിഞ്ഞിരുന്നു.
എങ്ങനെ? മീര
അറിയില്ല. ഞാൻ ഇപ്പോൾ വരാം.
കാറിൽ ബാഗിൽ ഉണ്ടായിരുന്ന ഡയറിയുമായി വന്ന് അത് മീരയ്ക്കു നേരെ നീട്ടി.
ഇതാ നീ വായിക്കു.
അവൾ അത് വായിച്ചു തുടങ്ങി.
ആമി, നീ എത്ര മാത്രം വിഷമിക്കുന്നു എന്നെനിക്കറിയാം. ഞാൻ നിങ്ങൾക്കിടയിൽ വന്ന ഒരു തടസ്സമാണ്.
ഞാനൊരിക്കലും നിന്റെ ഹൃദയത്തിന്റെ ഉടമ അല്ല എന്ന് നീ ആദിയെ കാണും മുന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. നിന്റ ഹൃദയത്തിൽ എത്താൻ ആദ്യകാലങ്ങളിൽ ശ്രമിച്ചിരുന്നു.
നീ എല്ലാം ആർക്കോ വേണ്ടി ചെയ്യുംപോലെ തോന്നിയ ദിവസങ്ങളിൽ ഞാൻ നിന്നെ ഒരു പാട് കറ്റപ്പെടുത്തിയിരുന്നു. നീ അതൊക്കെ കേട്ടിരുന്നോ എന്നു പോലും എനിക്കറിയില്ല.
പിന്നീട് ഞാൻ അത് സ്വയം നിർത്തി.
നീ എന്താണോ അങ്ങനെ നിന്നെ ഞാൻ ഉൾക്കൊണ്ടു. കാരണം നീ എനിക്ക് പ്രീയപ്പെട്ടവൾ ആയിരുന്നു.
നീ ആദിയെ കണ്ടെത്തിയതും നിന്നിൽ വന്ന മാറ്റങ്ങളും ഞാനറിഞ്ഞിരുന്നു. നീ ഞങ്ങളെ വിട്ടു പോകില്ല എന്ന് എനിക്കറിയാമായിരുന്നു. നിന്റെ സന്തോഷങ്ങളെ ഞാനായി ഇല്ലാതാക്കില്ല എന്നും തീരുമാനിച്ചിരുന്നു.
നിന്നെ സ്വതന്ത്ര ആക്കണം എന്നുണ്ട്.
പക്ഷേ എങ്ങനെ എന്നറിയില്ല.
എങ്കിലും ഒന്നു പറയാം. ഞാനില്ലാതായാൽ നീ തനിച്ചാവരുത്.
ആദി ഉണ്ടാകും. നീ തയറാകണം.
നമ്മുടെ മക്കൾ നിന്നെ എത്രത്തോളം മനസ്സിലാക്കും എന്നും അറിയില്ല.
അവർക്ക് നിന്നെക്കാൾ അടുപ്പം എന്നോടാണ്.
നീ പലപ്പോഴും നിന്റെ ലോകത്തായതിനാൽ ആകും.
ഞാനിതെല്ലാം അറിഞ്ഞു എന്നോർത്തു വിഷമിക്കുകയും അരുത്..
നീ പൂർണ്ണ മനസ്സോടെ അല്ല എന്റെ ഭാര്യ ആയതെന്നും അറിയാം. ഞാൻ നിന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. നടത്തിയെടുത്തു. എനിക്ക് ഒരു പരാതിയും ഇല്ല.
നീ ഒരു നല്ല ഭാര്യ ആണ്.. എന്നും എനിക്ക് വേണ്ടതെല്ലാം തന്നു.. ഹൃദയത്തിൽ ഇടം തരാതെ എന്നെ സ്നേഹിച്ചു.
ഒരുപാട് സ്നേഹവും നന്ദിയും ഉണ്ട്.
മീര വായിച്ചു നിർത്തി..
എനിക്കെല്ലാം ഒരു കടം കഥ പോലെ തോന്നുന്നു.
ശേഖറിന്റ മരണശേഷം, ഞാൻ നിന്നോടൊപ്പം കുറച്ചു ദിവസം ഉണ്ടായിരുന്നു. അന്നൊന്നും ആദി വിളിചില്ലെ? മീര ചോദിച്ചു.
ഇല്ല. ആദി ഒന്നും അറിഞ്ഞില്ല..ആദി ഒരു യൂറോപ്പ്യൻ യാത്രയിൽ ആയിരുന്നു. ശേഖറിൽ നിന്നും എന്നെ വേർപെടുത്താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പരസ്പരം കാണണമെന്ന് അത്ര ആഗ്രഹിക്കുമ്പോൾ മാത്രമേ വിളിക്കാവൂ എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു കുറച്ചു നാളുകൾക്ക് മുൻപ്.
അതിനാൽ ഞങ്ങൾ പരസ്പരം വിളിച്ചില്ല..
മാത്രമല്ല ശേഖറിന്റെ പെട്ടെന്നുള്ള മരണവുമായി പൊരുത്തപ്പെടാൻ എനിക്കു കഴിഞ്ഞില്ല.
ഒരാൾ നമ്മളെ പിരിഞ്ഞു പോകുമ്പോഴാണ് ആ ആൾ നമ്മളെ എത്ര സ്വാധീനിച്ചിരുന്നു എന്ന് മനസ്സിലാകുന്നത്.
ആ ദിവസങ്ങളിൽ ഒന്നിലാണ് ഡയറി കണ്ടത്.
ആ ഡയറിയിലൂടെ ഞാൻ അന്നുവരെ കാണാത്ത ശേഖറെ കാണുകയായിരുന്നു അറിയുകയായിരുന്നു.
മകൻ ആദിത്യ അവന്റെ പെണ്ണിനെ അമേരിക്കയിൽ എംഡി ചെയ്യുമ്പോൾ കണ്ടെത്തിയതാണെന്നു ഞാൻ പറഞ്ഞിരുന്നില്ലെ.
മും അവൾ അതേയെന്നു മൂളി.
അന്ന് ശേഖർ എന്നോടു പറഞ്ഞു നമ്മുടെ മകൻ അവന്റെ ഹൃദയത്തിന്റെ ഉടമയെ കണ്ടെത്തിയെന്ന്. അതു പറഞ്ഞു ശേഖർ ചിരിച്ചപ്പോൾ എനിക്കു മനസ്സിലായില്ല എന്റെ മനസ്സ് ശേഖർ പഠിച്ചിരുന്നു എന്ന്.
ഇരുട്ടു പരക്കാൻ തുടങ്ങിയിരുന്നു. കിളികൾ കൂടണയാനുള്ള തത്രപ്പാടിൽ കലപില കൂട്ടി പറന്നകലുന്നതും നോക്കി വീണ്ടും ഞാൻ പറഞ്ഞുതുടങ്ങി..
ശേഖറിന്റെ മരണശേഷം ആദിയെയും കാണാൻ ഞാൻ താൽപര്യ പെട്ടില്ല.. വല്ലാതെ ഞാൻ ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയിരുന്നു..
ജോലിയിലും താല്പര്യം ഇല്ലാതായി. ലോങ് ലീവെടുത്തു.
നീ എന്നിട്ടും ഞാൻ വിളിക്കുമ്പോൾ പോലും ഒന്നും പറഞ്ഞില്ല. മീര പരിഭവിച്ചു.
മകൻ എന്നെക്കുറിച്ച് വല്ലാതെ ആശങ്കപ്പെട്ടു. മനസ്സിന്റെ ഡോക്ടർ ആയതിനാൽ ആകും..
അവൻ എന്നെക്കാണാൻ വന്നു. ഒരു ദിവസം അവനോടൊപ്പം ആദിയും എന്നെക്കാണാനെത്തി.
അതെങ്ങനെ? മീര
ആദ്യം എനിക്കും ഒന്നും മനസ്സിലായില്ല.
മകന്റെ മുന്നിൽ എന്നെ തേടി വന്ന ഒരു വില്ലനെപ്പോലെയാണ് ഞാൻ ആദിയെ നോക്കിയത്.
ഒന്നും മിണ്ടാതെ മുറിയിലേക്കു പോയ എന്റെ പിന്നാലെ മകനെത്തി.
അമ്മയെന്താണ് ഒന്നും മിണ്ടാതെ പോന്നത്. ആ ആളിനെ അമ്മ അറിയില്ലെ?
ഇല്ല. എനിക്കറിയില്ല ഞാൻ പറഞ്ഞു.
അവൻ പറഞ്ഞു.
എനിക്കെല്ലാം അറിയാം. എനിക്കെന്റെ അമ്മയെ വേണം.
ഞാനാണ് അങ്കിളിനെ തേടിപ്പിടിച്ചു കൊണ്ടു വന്നത്.
എന്തിന്? ഞാൻ ചോദിച്ചു.
അച്ഛൻ എന്നോടെല്ലാം പറഞ്ഞിരുന്നു. അമ്മയെന്തിനാണ് അങ്കിളിനെപ്പോലും ഒഴിവാക്കി ഒറ്റപ്പെടുന്നത്. ഇനി ഇവിടെ ഒറ്റക്കു നിൽക്കണ്ട. അങ്കിളിനൊപ്പം ഒരു തീർത്ഥ യാത്രയാകാം ഞാനും വരുന്നു.
വേണ്ട. ശേഖറിനെ ഒറ്റയ്ക്കാക്കി ഞാനെവിടേക്കും ഇല്ല..
എന്റെ മനസ്സിന്റെ താളം നഷ്ടപെടുന്നു എന്നവൻ തിരിച്ചറിഞ്ഞപോലെ..
ഒടുവിൽ മകന്റെ നിർബന്ധം വിജയിച്ചു.
വീണ്ടും ഒരു തീർത്ഥ യാത്ര. ആദ്യം മൂകാംബികയിലേക്ക്.
മകൻ മൂകാംബിക വന്നു അവിടെ നിന്നും മുംബെക്ക് പോയി.
പോകും മുൻപ് അവൻ പറഞ്ഞു. അമ്മയ്ക്കും അങ്കിളിനോടൊപ്പം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാം. അമ്മക്ക് എന്തും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒന്നൊഴിച്ച് ഒറ്റപ്പെടാനുള്ള തീരുമാനം.
മകൻ തന്നെ ഇത്രയേറെ കരുതുന്നു എന്നോർത്ത് സന്തോഷം കൊണ്ട്എന്റെ കണ്ണു നിറഞ്ഞു.
രണ്ടാഴ്ച..ആദിയുടെ സാമീപ്യവും അമ്പലങ്ങളിലൂടെ ഉള്ള യാത്രകളും എന്റെ മനസ്സിനെ തിരികെ പിടിക്കാൻ കുറെയൊക്കെ സഹായിച്ചു.
പിന്നീട് മകൻ യു എസ്സിലേക്ക് തിരിച്ചു പോയി. പോയപ്പോൾ തനിച്ചാകാതിരിക്കാൻ ആദി എന്നും വിളിക്കുകയും ഇടക്കിടക്ക് ഒരുമിച്ച് യാത്രകൾ പോകുകയും ചെയ്തു.
അങ്ങനെ പതിയെ ഞാൻ ആദിക്ക് സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിൽ നഷ്ടപ്പെട്ട കൂട്ടുകാരിയെ തിരിച്ചു കൊടുത്തു.
ഒറ്റക്കല്ല ഞങ്ങൾ രണ്ടാളും എന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു കഴിഞ്ഞുപോയ വർഷങ്ങൾ..
ആദിയുടെ പ്രവർത്തനങ്ങൾ? അതെന്താണ്. ഞാൻ കേട്ടിട്ടുണ്ട് കൂർഗിലെ ഒര് ആദിവാസി വിഭാഗത്തെ ജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ വേണ്ടി പൊരുതുന്ന ഒരു മലയാളി ചിത്രകാരനെ കുറിച്ച്. അത് ഇയാളാണോ? മീര ജിജ്ഞാസുവായി.
അതേ എന്ന് ഞാൻ തലയാട്ടി.
ആദിയോടൊപ്പം ആ ആദിവാസി ഊരിൽ താമസിച്ച ദിവസങ്ങളിൽ എനിക്ക് അവനോടുള്ള സ്നേഹവും ബഹുമാനവും കൂടുകയായിരുന്നു. അവൻ സ്വയം എനിക്ക് വേണ്ടി ജീവിതം കളഞ്ഞു എന്നിട്ടും ഒന്നിനും കഴിയുന്നില്ല എന്നൊരു കുറ്റ ബോധം മനസ്സിനെ കാർന്നു തിന്നിരുന്നു.
അത് മാറികിട്ടി. അവൻ ജീവിതം സാർത്ഥകമാക്കി മാറ്റുകയായിരുന്നു അവിടെ.
അവനോടൊപ്പം അവിടെ താമസിച്ചപ്പോഴാണ് അവന്റെ പ്രവർത്തനങ്ങളിൽ പങ്കാളി ആയപ്പോഴാണ് ജീവിതം എന്നാൽ നമ്മൾ കരുതുംപോലെ മക്കളെ പെറ്റു വളർത്തി അവരെ ഒരു കരയടുപ്പിച്ചു, ഭർത്താവിനെയും വീട്ടുകാരെയും പരിപാലിച്ചു, ഭാര്യയെയും കുട്ടികളെയും പൊന്നുപോലെ നോക്കി, അവർക്കുവേണ്ടി എന്റെ ജീവിതം നീക്കിവച്ചു, സമൂഹത്തിൽ സദാചാരം നടപ്പിലാക്കി എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്ന സ്വാർത്ഥതയല്ല എന്ന് മനസ്സിലാക്കിയത്.
സ്വയം ഉയർന്നു വരാൻ കഴിയാത്ത ഒരു വിഭാഗത്തിനു തുണയാകുമ്പോൾ അവരെ മനുഷ്യ ജീവിതത്തിന്റ ഭാഗമാകാൻ പ്രാപ്തരാക്കുമ്പോൾ ഉണ്ടാകുന്ന അഭിമാനം സന്തോഷം അതനുഭവിച്ചാലെ മനസ്സുലാകു.
നിസ്സാഹായരുടെ നേരെ നീട്ടുന്ന കൈകളിലാണ് ദൈവത്തിന്റെ സാഹ്നിദ്ധ്യം ഉള്ളത്.
എന്റെ അദ്ധ്യാപനം പോലും അർത്ഥവത്തായത് ആ കാലയളവിൽ ആയിരുന്നു. ആ ദിവസങ്ങളിലാണ് എനിക്കും തോന്നിയത് ഞാൻ ജീവിക്കുന്നു എന്ന്. ഓരോ കാതുകളിലും ജീവിതം ധൈര്യത്തോടെ നേരിടാൻ ഉള്ള പാഠങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ അവരിൽ ഒരാളായി തീർന്നപ്പോൾ അനുഭവിച്ച മന:സമാധാനം..
കുടകിലെ കാടിന്റെ ഭംഗി ..ആ പ്രകൃതിയുടെ ലയം..ഉള്ളം തണുക്കുന്ന കുളിരുള്ള തണുപ്പ്…
എന്റെ മനസ്സ് ആദിയോടൊപ്പം അവിടേക്ക് ചേക്കേറി..
എന്നിട്ട് നീ എന്തുകൊണ്ട് ഇനി ഉള്ള കാലം ആദിക്കു വേണ്ടി മാത്രം നീക്കിവച്ചില്ല?
അറിയില്ല. ഞങ്ങൾ പലപ്പോഴും അങ്ങനെ ചിന്തിച്ചു.
അവന്റെ കരവലയത്തിൽ അവന്റെ നെഞ്ചിലെ ചൂടിൽ സ്വയം അലിഞ്ഞപ്പോഴൊക്കെ ആഗ്രഹിച്ചു. എന്നിട്ടും ശേഖറിന്റെ വിധവയുടെ കുപ്പായം ഊരിമാറ്റാൻ കഴിഞ്ഞില്ല.
ഒരു സ്ത്രീ എപ്പോഴും ചങ്ങലക്കുള്ളിലാണ്. സ്വയം തീർക്കുന്നതും മറ്റുള്ളവരാൽ തീർക്കപ്പെടുന്നതുമായ ചങ്ങലകൾ. പൊട്ടിച്ചെറിയാൻ എത്ര ശക്തിയായി മനസ്സാഗ്രഹിച്ചാൽ പോലും അവൾക്ക് കഴിയില്ല.
അവൾ വളർന്നു വരുന്നത് അതേ മൈൻഡ് സെറ്റിഗ്സിൽ ആണ്. ഇന്ന് പലരും പറയും ഇന്നത്തെ പെണ്ണ് അങ്ങനെ അല്ല. അവളുടെ കരങ്ങൾ ശക്തമാണ്. പ്രതിസന്ധികളിൽ തകരില്ല എന്നൊക്കെ.
എല്ലാം വെറുതെ ആണ്. ആലോചനയില്ലായ്മ കൊണ്ടു എടുത്തു ചാടുന്നു. അത്രയേ ഉള്ളു. ഉറച്ച തീരുമാനങ്ങളോടെ മുന്നോട്ടു പോകണമെങ്കിൽ എന്തിലും ഉപരിയായി അവൾ അവളെ സ്നേഹിക്കണം, ബഹുമാനിക്കണം. സ്വയം തിരിച്ചറിയണം.
ഒരു സ്ത്രീ വിവാഹിതയും അമ്മയും ആകുന്ന നിമിഷം മുതൽ അവബോധമനസ്സിൽ അവൾ സ്വയം തീർക്കുന്ന ഒരു തടവറ ഉണ്ട്. അതിനെ പൊട്ടിച്ചെറിയാൻ കഴിയാതെ അവൾ ജീവിതത്തോട് പൊരുത്തപ്പെടുന്നു. ആ തടവറയിൽ നിന്നും മോചിതയായാൽ അവൾ വിജയിച്ചവൾ ആണ്.
നിങ്ങൾ ഇത്രയും അടുത്തിട്ടും അയാളുടെ അനുജത്തി ഒന്നും അറിയാത്തപോലെ അതോ അറിഞ്ഞില്ലെന്നു നടിക്കുന്നോ?
മീര ചോദിച്ചു.
അനിതക്കെല്ലാം അറിയാം. കഴിഞ്ഞ ആഴചയും ഞാൻ ആദിയോടൊപ്പം ഉണ്ടായിരുന്നു. നാലു ദിവസം മുൻപാണ്
ഹൃദയം പണിമുടക്കിയത്. ഇന്നലെ എന്നെ കാണണം എന്നു പറഞ്ഞതിനാലാണ് അവൾ എന്നെ അറിയിച്ചത്.
കൂടെ നിൽക്കണം എന്നുണ്ടായിരുന്നു.
അവൻ തന്നെയാണ് വേണ്ടന്ന് പറഞ്ഞത്. മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ മേൽവിലാസം ഇല്ലാത്തതാണോ കാരണം എന്നതിനും അവൻ മറുപടി തന്നു.
ഒരിക്കലുമല്ല. എന്റെ വിയോഗം അത് നിന്നെ തളർത്താതിരിക്കാൻ, നിന്റെ നിറയുന്ന കണ്ണുകൾ കണ്ട് യാത്രയാകാതിരിക്കാൻ. ഇത്രയും നിന്നോടു പറയാനാകും എന്നെ ഈ കുഴലുകളിൽ നിന്നും മുക്തനാക്കിയത്.
ഞാൻ അവനോടു പറഞ്ഞു നീ പേടിക്കണ്ട ഞാൻ നിന്നിലൂടെ നേടിയ മനോബലം കൂടെ ഉണ്ട്. നിന്റെ നിറഞ്ഞ സാഹ്നിദ്ധ്യവും കൂടെ ഉണ്ട്. ഇനി നിന്നോടു ചേരുംവരെ ആ ശക്തിമതിയെനിക്ക്.
സൂര്യ രശ്മികൾ പൂർണ്ണമായും വിടവാങ്ങിയിരുന്നു. ഒരു നനുത്ത കാറ്റ് അവളെ തഴുകി കടന്നു പോയി. ആദിയുടെ കരസ്പർശം പോലെ. അവളുടെ ചുണ്ടുകളിൽ മന്ദഹാസം വിടർന്നു. ഈ കാറ്റിൽ അവന്റെ ഗന്ധം നിറഞ്ഞിരിക്കുന്നു. മീര ചോദിച്ചു. നിനക്കെന്തു പറ്റി.
ആദി എന്താണ് നിന്നോടു പറഞ്ഞത്.
ആമിയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.
ഇനി എനിക്കല്ലാതെ മറ്റാർക്കും അവനെ കാണാനാകില്ല എന്ന്.
ആ കൺപീലികളിൽ മരണത്തിന്റെ തണുത്ത ചുണ്ടുകളുടെ സ്പർശം ഏൽക്കുംമുൻപ് എന്റെ ചുണ്ടുകളുടെ ചൂടുകൊണ്ട് ആ കൺപോളകളെ മുദ്രണം ചെയ്യാൻ.
ആ മുറിയിലെ മനംമടുപ്പിക്കുന്ന ഗന്ധത്തെ എന്റെ ഗന്ധം കൊണ്ട് മൂടാൻ.
ആ ചുണ്ടുകൾ അവസാനം മന്ത്രണം ചെയ്യുന്നത് എന്റെ നാമം ആകാൻ..
മരണത്തിന്റെ കനത്ത കാലടി ശബ്ദങ്ങൾ കേൾക്കാതിരിക്കാൻ എന്റെ ശബ്ദം ആ കാതുകളിൽ മുഴങ്ങാൻ.
അവന്റെ അവസാനത്തെ ഹൃദയത്തുടിപ്പ് എന്നിലേക്ക് പകരാൻ..
അപ്പോൾ വീണ്ടും നീ.. മീര ചോദ്യം പകുതിയിൽ നിർത്തി..
ഇല്ല ഇനി ഞാനൊറ്റക്കാവില്ല..
ആദി, അവനെന്റെ ഓരോ ശ്വാസകണികയിലും ഉണ്ട്.
അന്ന് ശേഖർ പോയപ്പോൾ ഞാൻ തികച്ചും ഒറ്റക്കായിരുന്നു. ആ ഓർമ്മകളെ ഉള്ളിലേക്കെടുക്കാൻ കഴിഞ്ഞില്ല.
ഞാൻ ശേഖറോടൊപ്പം ജീവിക്കുകയായിരുന്നില്ല. ഞങ്ങൾ ഒന്നിച്ചു കഴിയുകയായിരുന്നു.
എന്നാൽ കഴിഞ്ഞ കുറെ ഏറെ വർഷങ്ങളായി ആദിയോടൊപ്പം ഞാൻ ജീവിക്കുകയായിരുന്നു. അതുകൊണ്ട് ഇനി ഈ നിമിഷമോ അടുത്ത ദിവസമോ വർഷങ്ങളോ ആയാലും ഞാൻ ജീവിക്കും അവന്റെ ഓർമ്മകളിൽ.
ഇരുട്ടിന്റെ കറുപ്പു നിറം ഭൂമിയെ പൂർണ്ണമായും ഗ്രസിച്ചിരുന്നു.
കാറിനടുത്തേക്ക് നീങ്ങുമ്പോൾ ആമിയുടെ ഫോൺ ബല്ലടിച്ചു. മറുതലയിൽ ആദിയുടെ സുഹൃത്തായ ഡോക്ടറുടെ വിറപൂണ്ട സ്വരമായിരുന്നു. അവൻ പോയി.
ഞാനറിയുന്നു. അവന്റെ ഗന്ധം ഈ കാറ്റി അലിഞ്ഞു.
അവനിപ്പോൾ എന്നോടൊപ്പം ഉണ്ട്.
ഞാൻ കാൾ കട്ട് ചെയ്തു. ഹിമയുടെ തോളിലേക്ക് ചായുമ്പോൾ അവളോടു പറഞ്ഞു. ഈ തോളിന്റ ബലത്തിനു വേണ്ടിയായിരുന്നു എന്നെ ഏറെ അറിയുന്ന മനസ്സിലാവുന്ന നിന്നെ കൂടെ കൂട്ടിയത്.
കാറിലെ എഫ് എം റേഡിയോയിൽ പ്രശസ്ത ചിത്രകാരനും സാമൂഹിക പ്രവർത്തകനുമായ ആദരണീയനായ ആദിത് കൃഷ്ണയുടെ ദേഹ വിയോഗത്തെ കുറിച്ച് പറയുന്നുണ്ടായിരുന്നു..