ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരം എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു രജനി കാന്ത്. രജനി പ്രഭാവം ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ദക്ഷിണേഷ്യയിലെ തന്നെ സൂപ്പർ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. താരം എന്ന നിലയിൽ ഓരോ സമിനിമയിലും തന്റേതായ സ്റ്റയിൽ അവതരിപ്പിക്കുന്ന നടനാണ് രജനി കാന്ത്.

ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

1975ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളർച്ചക്ക് ഊർജ്ജം പകർന്ന സംവിധായകൻ എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.

ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും(1978) തമിഴ് സിനിമയിൽ രജിനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 1980കളിൽ രജനി ്ഭിനയം നിർത്തുന്നു എന്ന അഭ്യുഹങ്ങൾക്ക് പിന്നാലെ ഇറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായി മാറി.

അക്ഷൻ രംഗങ്ങളിലെ ചടുലതയും പാട്ടു സീനുകളിലെ വേറിട്ട ശൈലിയും രജനി കാന്തിന്റെ പ്രത്യേകതകളാണ്. സിനിമ പ്രേമികളെ പുളകം കൊള്ളിച്ച എത്രയെത്ര രജനി ഹിറ്റുകൾ… ആ സ്റ്റയിലിന് ആരാധ്യരായി എത്രയെത്ര തലമുറകൾ… ജപ്പാനിലും, ചൈനയിലും സിംഗപ്പൂരിലും തുടങ്ങി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മാത്രമല്ല, ദക്ഷിണാഫ്രിക്കയിലും വരെ കടുത്ത ആരാധകരുണ്ട് രജനി കാന്തിന്. സിനിമയിലെ അതേ തിളക്കം രാഷ്ട്രീയ രംഗത്തു കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.