ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ കാര്യങ്ങള്‍ പറഞ്ഞത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. സ്പീക്കര്‍ പദവി സംശയത്തിന്റെ നിഴലില്‍ പോലും ഉണ്ടാകരുതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇന്നലെ പറഞ്ഞത് വെറും ആരോപണമല്ലെന്നും വസ്തുതയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണം ശരിവയ്ക്കുന്നതാണ് സ്പീക്കറുടെ മറുപടി. സ്പീക്കര്‍ പദവിക്കുള്ള പരിരക്ഷ ഉപയോഗിച്ച് ജനത്തിന്റെ പണം ധൂര്‍ത്തടിക്കുന്നുവെന്നും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ പേരില്‍ ചെലവഴിച്ചത് രണ്ടേമുക്കാല്‍ കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ്. പൊതുപണം ധൂര്‍ത്തടിക്കാന്‍ സമ്മതിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം സിപിഐഎമ്മും സര്‍ക്കാരും പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കുന്ന ദൗത്യമാണ് ഇപ്പോള്‍ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് വധഭീഷണിയെന്ന് സ്വപ്ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ കഴമ്പില്ലെന്ന ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് അവയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.