ബെംഗളൂരു; ജൂണ്‍ 19 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കര്‍ണാടകയില്‍ നിന്നും മത്സരിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഐഐസിസി അധ്യക്ഷ സോണിയാഗാന്ധിയാണ് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. മഹരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ ഖാര്‍ഗെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
നിലവിലെ അംഗം ബികെ ഹരിപ്രസാദിന് ഒരു അവസരം കൂടി നല്‍കുക, അല്ലെങ്കില്‍ മുതിര്‍ന്ന നേതാവ് മല്ലിഗാര്‍ജ്ജുന ഖാര്‍കയെ സ്ഥാനാര്‍ത്ഥിയാക്കുക എന്നീ രണ്ട് സാധ്യതകളായാരിന്നു കോണ്‍ഗ്രസിന് മുന്നില്‍ ഉണ്ടായിരുന്നു. മുന്‍ തുംകൂര്‍ എംപിയായ മുദ്ധനാംഗൗഡയും സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തുംകൂര്‍ സീറ്റ് ജെഡിഎസിന് വിട്ടുകൊടുത്തതിന് പകരമായി തനിക്ക് രാജ്യസഭാ സീറ്റ് നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നുവെന്നാായിരുന്നു മുദ്ധനാംഗൗഡ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. മുതിര്‍ന്ന അംഗ എന്ന പരിഗണന ഖാര്‍ഗയ്ക്ക് അനുകൂലമാവുകയായിരുന്നു.
ജൂണ്‍ 25 ന് കാലാവധി അവാസനിക്കുന്ന നാല് പേരുടെ ഒഴിവിലേക്കാണ് കര്‍ണാടകടയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ബിജെപിയുടേയും ജെഡിഎസിന്‍റേയും ഓരോ അംഗങ്ങളുടേയും കോണ്‍ഗ്രസിന്‍റെ രണ്ട് അംഗങ്ങളുടേയും (കുപേന്ദ്ര റെഡ്ഡി -ജെഡിഎസ്, പ്രഭാകര്‍ കോറെ -ബിജെപി, എം രാജീവ് ഗൗഡ, ബികെ ഹരിപ്രസാദ് -ഇരുവരും കോണ്‍ഗ്രസ്) കാലാവധിയാണ് അവസാനിക്കുന്നത്.
നിയസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് 2 സ്ഥാനാര്‍ഥികളേയും കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയേയും വിജയിപ്പിക്കാന്‍ കഴിയും. അംഗത്തെ വിജയിപ്പിക്കാന്‍ 45 വോട്ടുകളാണ് വേണ്ടത്. 223 അംഗ നിയസഭയില്‍ ബിജെപിക്ക് 117 എംഎല്‍എമാരുണ്ട്. രണ്ടുപേരെ വിജയിപ്പിക്കാന്‍ 90 വോട്ടുകള്‍ മതിയാവും. 68 അംഗങ്ങളുള്ള കോണ്‍ഗ്രസിനും ഒരു സീറ്റില്‍ വിജയം ഉറപ്പ്. അതേസമയം. 34 അംഗങ്ങള്‍ മാത്രമുള്ള ജെഡിഎസിന് തനിച്ച് ഒരു സീറ്റിലേക്ക് വിജയിക്കാനുള്ള അംഗബലം നിയമസഭയില്‍ ഇല്ല. ഇതോടെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ തുടങ്ങിയത്. കോണ്‍ഗ്രസുമായി കൈകോര്‍ത്താല്‍ ജെഡിഎസിന് ഒരു സീറ്റില്‍ വിജയിക്കാന്‍ സാധിക്കും. സഖ്യം സാധ്യമായാല്‍ ദേവഗൗഡയെ ആവും ജെഡിഎസ് മത്സരിപ്പിക്കുക.