ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പുതിയ മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടിക്ക് നായകനില്ല എന്ന ആക്ഷേപത്തിന് അത് മറുപടിയാകുമെന്നും തരൂര്‍ പറഞ്ഞു.
‘കോണ്‍ഗ്രസ് നായകനില്ലാത്തതും അനാഥവുമായ പാര്‍ട്ടിയാണെന്ന തോന്നലിനെ ചെറുക്കാന്‍ എത്രയും പെട്ടന്ന് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതുണ്ട്’, തരൂര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറല്ല. അതിനാല്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
‘നേതൃത്വത്തിന്റെ മുന്നോട്ടുപോക്കിനെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇടക്കാല അധ്യക്ഷയായി സോണിയ ജിയെ നിയമിച്ചതിനെ ഞാന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഈ ഭാരം അവരുടെ ചുമലില്‍ അനിശ്ചിതമായി ഏല്‍പ്പിക്കുന്നത് അനീതിയാണെന്നാണ് എന്റെ അഭിപ്രായം’, അദ്ദേഹം വ്യക്തമാക്കി.