തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍. ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തോട് നിര്‍ദേശിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നയതന്ത്രവിഭാഗവുമായി ബന്ധപ്പെട്ട ഫയലുകളൊന്നും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ആരോപണങ്ങള്‍ യോഗം തള്ളി. തീപ്പിടിത്തത്തിനു പിന്നില്‍ പ്രതിപക്ഷ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാനും തീരുമാനിച്ചു. ചീഫ് സെക്രട്ടറി എത്തുന്നതിനു മുമ്ബുതന്നെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തീപ്പിടിത്ത സ്ഥലത്ത് എത്തിയിട്ടുണ്ടോ, സെക്രട്ടേറിയറ്റിനകത്ത് കടന്നിട്ടുണ്ടെങ്കില്‍ അതിനിടയാക്കിയ സാഹചര്യം എന്നിവ പരിശോധിക്കും. സുരക്ഷാസംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിക്കാന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.