ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിക്ക് ഇന്ന് നിര്‍ണായക ദിവസം. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടിയെ ഇന്ന് ചോദ്യം ചെയ്യും. അതിനിടെ സുശാന്തിന്റെ വീട്ടിലെ ജോലിക്കാരന്‍ ദീപേഷ് സാവന്തിന്റെ അറസ്റ്റ് എന്‍സിബി ഇന്നലെ രേഖപ്പെടുത്തി.

നടി റിയാ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷൊവികിനെയും, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയ ചക്രവര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യുന്നത്. ഷൊവികിനെയും, റിയെയും ഒരുമിച്ചിരുത്തിയായിരിക്കും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ശേഷം റിയയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇന്നലെ ഹാജരാക്കാനായിരുന്നു റിയയ്ക്ക് ആദ്യം നല്‍കിയ നിര്‍ദേശം, പിന്നീട് അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ലഹരിമരുന്ന് കേസില്‍ സുശാന്ത് സിംഗിന്റെ വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്തിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്ന ദീപേഷിനെ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍സിബി അറസ്റ്റ് ചെയതത്. അതിനിടെ സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ബാന്ദ്രയിലെ വീട്ടില്‍ സിബിഐയോടൊപ്പം ഡല്‍ഹി എയിംസില്‍ നിന്നുള്ള സംഘവും പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് വിദഗ്ധര്‍ വിശദമായി വിലയിരുത്തുകയാണ്.