ന്യൂ ഡല്‍ഹി: ബോളീവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതയില്‍ കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് സിബിഐ. സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലയൊണ് എല്ലാ വശങ്ങളും പരിഗണിക്കുന്നുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നത്. വാര്‍ത്താക്കുറിപ്പിലായിരുന്നു അന്വേഷണ ഏജന്‍സിയുടെ പ്രതികരണം.
‘സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രൊഫഷനല്‍ ആയ അന്വേഷണമാണ് സി.ബി.ഐ നടത്തുന്നത്. അതിന്റെ എല്ലാ സാധ്യതയും പരിശോധിക്കും. അതില്‍ ഏതെങ്കിലും ഒന്ന് തള്ളിക്കളഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്’- അന്വേഷണ സംഘം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സുശാന്ത് സിംഗിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍ തന്നോടു പറഞ്ഞതായി നടന്റെ കുടുംബ അഭിഭാഷകന്‍ വികാസ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് സിബിഐ എല്ലാ സാധ്യതയും പരിശോധിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം വികാസ് സിംഗിന്റെ വാദങ്ങളെ തള്ളി എംയിസ് ഫൊറന്‍സിക് ടീമിന്റെ മേധാവി സുധീര്‍ ഗുപ്ത രംഗത്തുവന്നു. ഇത്തരത്തിലുള്ള ഒരു നിഗമനവും സി.ബി.ഐയ്ക്കു കൈമാറിയിട്ടില്ലെന്നും ചിത്രങ്ങള്‍ കണ്ടു മാത്രം ഇത്തരം നിഗമനത്തില്‍ എത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു .