മുംബൈ| നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ നിര്‍ണായക മൊഴിയുമായി നടി റിയ ചക്രവര്‍ത്തി. സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്നും മാസങ്ങളോളം ഒരുമിച്ച്‌ താമസിച്ചിട്ടുണ്ടെന്നും നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും നടി മൊഴി നല്‍കി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും രണ്ടാളും ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിരുന്നില്ല.

ബാന്ദ്രയിലെ പൊലീസ് സ്‌റ്റേഷനില്‍ ഒമ്ബത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് റിയ നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വിവാഹത്തിന് ശേഷം സ്വന്തമായി പുതിയ ഒരു വീട് വാങ്ങാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക്ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താന്‍ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്‌തെന്ന് റിയ പൊലീസിന് മൊഴി നല്‍കി. മരിക്കുന്നതിന്റെ അന്ന് പോലും ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായും റിയ പറഞ്ഞു.

രണ്ടാം തവണയാണ് റിയയെ ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിനായി നടിയുടെ ഫോണ്‍ പൊലീസിന് കൈമാറി. സുശാന്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ പത്തിലേറെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്.