മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നു. ഡല്‍ഹി എയിംസിലാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ എയിംസിലെ ഫോറസിക് ടീമും സി.ബി.ഐ ഉദ്യോഗസ്ഥരും കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിലെ വിദഗ്ധരും കൂടിക്കാഴ്ച നടത്തി.

സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിനാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം സുശാന്തിന്റെ ആന്തരികാവയവങ്ങളില്‍ വിഷാംശമില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. സുശാന്ത് കേസില്‍ സി.ബി.ഐ അന്വേഷണം അതിന്റെ അന്തിമ ഘട്ടത്തിലാണ്. വേണ്ടി വന്നാല്‍ സുശാന്തിന്റെ കുടുംബാംഗങ്ങളെ കൂടി സി.ബി.ഐ ചോദ്യം ചെയ്‌തേക്കും.

സുശാന്തിന്റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ ചില നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം അന്വേഷണ സംഘം ഇതുവരെ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സുശാന്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കൂപ്പര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.

ഓഗസ്റ്റിലാണ് സി.ബി.ഐ സുശാന്തിന്‍െ്‌റ മരണത്തില്‍ അന്വേഷണം ഏറ്റെടുത്തത്. എയിംസിലെ ഫോറന്‍സിക് ടീമുമായി സഹകരിച്ചാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്. എയിംസിലെ ഫോറന്‍സിക് വിഭാഗം വിദഗ്ധര്‍ സുശാന്തിന്റെ മുുംബൈയിലെ അപ്പാര്‍ട്ട്‌മെന്‍്‌റില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.