കൊച്ചി: സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്റെ (എസ്എംസിഐഎം) നേതൃത്വത്തില്‍ ഏതാനും വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാരിഷ് മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ടു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് എസ്എംസിഐഎം അധികൃതര്‍ അറിയിച്ചു. സഭയുടെ ഇന്റര്‍നെറ്റ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായും തികഞ്ഞ ഉത്തരവാദിതത്തോടെയും കാര്യക്ഷമമായുമാണ് മുന്നോട്ടുപോകുന്നതെന്നും അധികൃതര്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെയും സമര്‍പ്പിത സമൂഹ സൂപ്പീരിയര്മാരുടെയും മറ്റു ചില വ്യക്തികളുടെയും ഇമെയില്‍ വിലാസത്തിലേക്ക് ബെഞ്ചമിന്‍ പാലാക്കാരന് എന്ന പേരിലാണ് മൊബൈല്‍ ആപ്പിനെതിരേ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇടവകകള്‍ക്കു വേണ്ടി സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന് തയാറാക്കിയ മൊബൈല്‍ ആപ്പിലെ വ്യക്തിവിവരങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കോടികള്‍ സമ്പാദിക്കുന്നുവെന്നാണ് ഇതിലെ പ്രധാന ആരോപണം.
സ്പിങ്ക്ളര്‍ വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഈ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെടുത്തിയാല്‍ ആളുകള്‍ പെട്ടെന്നു ശ്രദ്ധിക്കുമെന്നതു വ്യാജസന്ദേശത്തിനു പ്രേരണയായിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐഒഎസ്, ആപ്സ്റ്റോര് തുടങ്ങിയവയുടെ സ്വകാര്യതാ നിയമങ്ങല്‍ക്കു വിധേയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഉദ്യമത്തെപ്പറ്റി ഇപ്പോള്‍ ദുഷ്പ്രചരണം നടത്തുന്നതിലെ യുക്തി മനസിലാക്കാനാവുന്നില്ല.
സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ സഭയുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും വികസിപ്പിച്ചെടുക്കുന്നതിലെ കച്ചവടസാധ്യതകള്‍ നഷ്ടപ്പെട്ടവരും അമിത സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ചില മാട്രിമണി സര്‍വീസുകള്‍ക്ക് സീറോ മലബാര്‍ മാട്രിമണി സര്‍വീസ് ഭീഷണിയാണെന്നു കരുതുന്നവരും വ്യാജപ്രചരണത്തിനു പിന്നിലുണ്ടാകാനുള്ള സാധ്യതയുണ്ട്.
സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന് ഒരുക്കിയിരിക്കുന്ന മൊബൈല്‍ ആപ് നെറ്റ് വര്‍ക്കില്‍ ഓരോ വ്യക്തിക്കും അവരുടെ എല്ലാ വ്യക്തിവിവരങ്ങളും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം കൊടുക്കാനും ഏതുസമയത്തും അവരവരുടെ മൊബൈല്‍ വഴി സ്വന്തം വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കി.